ഇനി ഡ്രീം ഇലവന്‍ ഐപിഎല്‍; ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് നല്‍കേണ്ട കരാര്‍ തുകയില്‍ വന്‍ വ്യത്യാസം

By Web TeamFirst Published Aug 18, 2020, 3:41 PM IST
Highlights

ഡ്രീം ഇലവന് പുറമെ റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്.
 

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്. 222 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രീം ഇലവന് പുറമെ റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറായ ഡ്രീം ഇലവന് കരാര്‍ നല്‍കുകയായിരുന്നു. 

അണ്‍അക്കാദമി 210 കോടി മൂടക്കാന്‍ തയ്യാറായിരുന്നു. റാറ്റ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് മുടക്കാന്‍ തയ്യാറായിരുന്നത്. എന്നാല്‍ ഡ്രീം ഇലവന്റെ വാഗ്ദാനം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വിവോയായിരുന്നു ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ ചൈനയുമായുളള രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്ന് അവരുടെ മൊബൈല്‍ കമ്പനിയായ വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. പുതിയ സ്പോണ്‍സര്‍ വരുമ്പോള്‍ കരാര്‍ തുകയില്‍ വ്യത്യാസമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കൊറോണക്കാലമായതിനാല്‍ 200 കോടിയെങ്കിലും ഈ സീസണില്‍ നല്‍കാന്‍ പറ്റുന്നവരെയാണു ബിസിസിഐ തേടിയിരുന്നത്. 

ഒരു വര്‍ഷം 80 കോടിയെന്ന നിലയില്‍ അഞ്ച് വര്‍ഷം 440 കോടി ലഭിക്കുന്ന രീതിയിലായിരുന്നു വിവോയുമായുള്ള കരാര്‍. തുടക്കത്തില്‍ സ്പോണ്‍സറായിരുന്ന ഡിഎല്‍എഫ് വര്‍ഷം 40 കോടി രൂപയ്ക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത് (5 വര്‍ഷത്തേക്ക് ആകെ 200 കോടിയുടെ കരാര്‍). പിന്നാലെ പെപ്സി വന്നു. അതിന് ശേഷമാണ് വിവോ ഏറ്റെടുക്കുന്നത്.

click me!