
മുംബൈ: അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ വരാന്‍ പോകുന്ന രണ്ട് ഒഴിവുകളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഗാര്‍ക്കറുടെ കാലാവധി 2026 വരെ നീട്ടിയതിന് പിന്നാലെയാണ് പുതിയ രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിന് പുറമെ വനിതാ ടീമിന്‍റെയും ജൂനിയര്‍ പുരുഷ ടീമിന്‍റെയും സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരിക്കും പുതിയ സെലക്ടര്‍മാരുടെ നിയമം അംഗീകരിക്കുക. സീനിയര്‍ പുരുഷ ടീം സെലക്ടറാവാന്‍ കുറഞ്ഞത് ഏഴ് ടെസ്റ്റുകളിലും അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ അല്ലെങ്കില്‍ 10 ഏകദിനങ്ങളിലോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ കളിച്ചിരിക്കണമെന്നാണ് യോഗ്യത. ഇതിന് പുറമെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിസിസിഐയുടെ ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളില്‍ അംഗമാകാനും പാടില്ല. നിലവില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ശിവ് സുന്ദര്‍ ദാസ്(മധ്യമേഖല),സുബ്രതോ ബാനര്‍ജി(കിഴക്കന്‍ മേഖല), അജയ് രത്ര(വടക്കന്‍ മേഖല), ശ്രീധരന്‍ ശരത്(ദക്ഷിണ മേഖല) എന്നിവരാണുള്ളത്.
വനിതാ സെലക്ഷന്‍ കമ്മിറ്റിയില്‍ 4 ഒഴിവുകള്‍
നീതു ഡേവിഡ് അധ്യക്ഷയായ വനിതാ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ നാല് ഒഴിവുകളാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ താരങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് വിരമിച്ചവരും ബിസിസിഐയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അംഗമല്ലാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
അണ്ടര്‍ 22 പുരുഷ ടീമിനെ തെരഞ്ഞെടുക്കാനുള്ള ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു ഒഴിവുമുണ്ട്. 25 ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിട്ടുള്ള മുന്‍ താരങ്ങള്‍ക്കും കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് വിരമിച്ചവരും ബിസിസിഐയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അംഗമല്ലാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക