
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ശ്രേസയിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐ പറയുന്നത്. അതേസമയം, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിന്‍റെ മാതാപിതാക്കള്‍ സിഡ്നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്.
ശ്രേസയിന്‍റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയസിനെ സ്കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള ശ്രേയസിന്‍റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സിഡ്നിയിലെ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം ബിസിസിഐ മെഡിക്കല്‍ സംഘവും ഇന്ത്യയിലെ ഡോക്ടര്‍മാരും ശ്രേയസിന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ശ്രേയസ് ആശുപത്രി വിടുന്നതുവരെ ഇന്ത്യൻ ടീം ഡോക്ടര്‍ സിഡ്നിയില്‍ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. ആന്തിരക രക്തസ്രാവമുണ്ടായതിനെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രേയസിന്‍റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അലക്സ് ക്യാരിയെ പിന്നോട്ടോടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസ് നിലത്തുവീണത്. ക്യാച്ച് പൂര്‍ത്തിയാക്കിയശേഷം വാരിയെല്ലിലെ വേദനകാരണം ഗ്രൗണ്ട് വിട്ട ശ്രേയസിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നിരുന്നില്ല.ഡ്രസ്സിംഗ് റൂമിലെത്തിയശേഷം രക്തസമ്മര്‍ദ്ദം താണതിനെ തുടര്‍ന്ന് ശ്രേയസിനെ തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു ശ്രേയസ് അയ്യര്‍. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് ബാറ്റിംഗിലും തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!