
ജൊഹാനസ്ബര്‍ഗ്: നായകന്‍ ടെംബാ ബാവുമയെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഇടതുതുടയിലേറ്റ പരിക്കുമൂലം ബാവുമക്ക് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ബാവുമയുടെ അഭാവത്തില്‍ ഏയ്ഡന്‍ മാര്‍ക്രം ആണ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത്.
ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നതിന്‍റെ ഭാഗമായി ബാവുമ ഈ മാസം 30ന് ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ എ ടീമില്‍ കളിക്കും. പാകിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുന്ന വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാനെതിരാ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ വെറ്ററൻ ഓഫ് സ്പിന്നര്‍ സൈമൺ ഹാര്‍മറും ടീമിലുണ്ട്.
സെനുരാന്‍ മുത്തുസ്വാമിയും സൈമണ്‍ ഹാര്‍മറും കേശവ് മഹാരാജുമായിരിക്കും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ആക്രമണം നയിക്കുക. 36കാരനായ ഹാര്‍മര്‍ 2015ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ച ദക്ഷിണാഫ്രിക്കന്‍ ടീമിലുമുണ്ടായിരുന്നു. അന്ന് രണ്ട് മത്സര പരമ്പരയില്‍ ഹാര്‍മര്‍ 10 വിക്കറ്റ് എടുത്തിരുന്നു. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാനും ഹാര്‍മര്‍ക്കായി.നവംബര്‍ 14 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് തുടങ്ങുക. നവംബര്‍ 22 മുതല്‍ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്. ടെസ്റ്റ് വേദിയായുള്ള ഗുവാഹത്തിയിലെ ആദ്യ മത്സരം കൂടിയാകുമിത്.
ടെംബാ ബാവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, വിയാൻ മൾഡർ, സെനുരാൻ മുത്തുസാമി, കാഗിസോ റബാഡ, റിയാന്‍ റിക്കിള്‍ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ല്‍ വെരിയെന്നെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!