
ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കി മഹാരാഷ്ട്ര താരം പൃഥ്വി ഷാ, ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 156 പന്തില്‍ 222 റണ്‍സടിച്ച പൃഥ്വി ഷാ 141 പന്തിലാണ് ഇരട്ട സെഞ്ചുറിയിലെത്തി റെക്കോര്‍ഡിട്ടത്. 28 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്സ്.
കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ലീഗ് മത്സരത്തിൽ 119 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഹൈദരാബാദ് താരം തന്‍മയ് അഗര്‍വാളിന്‍റെ പേരിലാണ് രഞ്ജി ട്രോഫിയിലെ അതിവേഗ ഇരട്ട സെഞ്ചുറിയുടെ റെക്കോര്‍ഡ്. 1985ല്‍ മുംബൈക്കായി രവി ശാസ്ത്രി 123 പന്തില്‍ ഇരട്ട സെഞ്ചുറി നേടിയതാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറി.
2017 മുതല്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിച്ച പൃഥ്വി ഷാ ഈ സീസണിലാണ് ടീം മാറി മഹാരാഷ്ട്രയിലെത്തിയത്. ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്ലില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി(75) തിളങ്ങിയിരുന്നു. ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായ പൃഥ്വി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി റെക്കോര്‍ഡ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയായ പൃഥ്വി ഷാ അച്ചടക്കമില്ലായ്മയുടെയും കായികക്ഷമതയില്ലായ്മയുടെയുംപേരില്‍ മുംബൈ ടീമില്‍ നിന്നും പുറത്തായതോടെയാണ് ഈ സീസണില്‍ മഹാരാഷ്ട്രക്കുവേണ്ടി കളിക്കാൻ കരാറായത്.
ചണ്ഡീഗഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ മഹാരാഷ്ട്ര 313 റണ്‍സടിച്ചപ്പോള്‍ ചണ്ഡീഗഡിന്‍റെ ഒന്നാം ഇന്നിംഗ്സ് 209 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ പൃഥ്വി ഷായുടെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ 52 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മഹാരാഷ്ട്ര 359 റണ്‍സടിച്ചപ്പോള്‍ 464 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചണ്ഡീഗഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!