കോലി-രോഹിത് സഖ്യത്തിന്റെ ഭാവി; ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐ പ്രത്യേകം യോഗം ചേരും

Published : Nov 29, 2025, 08:33 PM IST
rohit sharma-virat kohli

Synopsis

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയ്ക്ക് ശേഷം വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ പ്രത്യേക യോഗം ചേരും. 

മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ ബിസിസിഐ പ്രത്യേകം യോഗം ചേരും. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷമായിരിക്കും ബിസിസിഐ യോഗം ചേരുക. സെലക്ടര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രത്യേകയോഗത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പങ്കെടുക്കും. 2027 ഏകദിന ലോകകപ്പില്‍ കോലിയുടേയും രോഹിത്തിന്റേയും പങ്കാളിത്തം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാവും.

ടെസ്റ്റ് - ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇതിനോടകം കോലിയും രോഹിത്തും വിരമിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് തുടരുന്നത്. ഇരുവരുമായും 2027 ലെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഫോര്‍മാറ്റില്‍ രോഹിത്തിന്റേയും കോലിയുടേയും പങ്കിനെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വേണ്ടിയാണ് യോഗം. മറ്റ് വിവാദങ്ങള്‍ക്ക് ചെവികൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിന് പകരം നിലവില്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാനാണ് രോഹിത്തിന് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലാണ് ഇരുതാരങ്ങളും അവസാനമായി കളിച്ചത്. 202 റണ്‍സ് നേടിയ രോഹിത്തായിരുന്നു ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍. പരമ്പരയിലെ താരവും രോഹിത്തായിരുന്നു. അവസാന ഏകദിനത്തില്‍ 125 പന്തില്‍ പുറത്താവാതെ 121 റണ്‍സെടുത്തിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലി അവസാന ഏകദിനത്തില്‍ 74 റണ്‍സെടുത്തു.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനം നാളെ ആരംഭിക്കാനിരിക്കെ ഒരു നാഴികക്കല്ലിന് അരികിലാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19,902 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 4301 റണ്‍സും ഏകദിനത്തില്‍ 11,370 റണ്‍സും ട്വന്റി 20യില്‍ 4231 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 98 റണ്‍സ് കൂടി നേടിയാല്‍ രോഹിത് ഇരുപതിനായിരം റണ്‍സ് ക്ലബിലെത്തും. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയ താരങ്ങള്‍. സച്ചിന്‍ 34,357 റണ്‍സും കോലി 27,673 റണ്‍സും ദ്രാവിഡ് 24,064 റണ്‍സും നേടിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല