ലോകകപ്പ്- ആഷസ് ഹീറോയിസം; ബെന്‍ സ്റ്റോക്‌സ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍

By Web TeamFirst Published Jan 15, 2020, 12:40 PM IST
Highlights

വിരാട് കോലി, രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള താരങ്ങളെ പിന്തള്ളി സ്റ്റോക്‌സ് ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരം

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ(2019) ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേര്‍സ് ട്രോഫി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കെടുക്കുന്നതില്‍ നിര്‍ണായകമായതും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പുറത്തെടുത്തതിനുമാണ് സ്റ്റോക്‌സിന് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നല്‍കുന്നത് എന്ന് ഐസിസി വ്യക്തമാക്കി. 

A World Cup winner and scorer of one of the greatest Test innings of all time, Ben Stokes is the winner of the Sir Garfield Sobers Trophy for the world player of the year. pic.twitter.com/5stP1fqSAP

— ICC (@ICC)

'എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ്', ലോകം അന്നേ പറഞ്ഞു

ആഷസില്‍ ഓസ്‌ട്രേലിയക്കെതിരെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്നുമായി അമ്പരപ്പിക്കുകയായിരുന്നു സ്റ്റോക്‌സ്. ലീഡ്‌സില്‍ 10-ാം വിക്കറ്റില്‍ ജാക്കിനെ ചേര്‍ത്തുനിര്‍ത്തി 219 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സാണ് അടിച്ചെടുത്തത്. അവസാന വിക്കറ്റില്‍ 76 റണ്‍സ് സ്റ്റോക്‌സും ജാക്കും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

Read more: 'മിറാക്കിള്‍ ഓഫ് ലീഡ്‌സ്'; സ്റ്റോക്‌സിന്‍റെ ക്ലാസ് സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം

സ്റ്റോക്‌സിന്‍റെ സെഞ്ചുറിയാണ് ജയമുറപ്പിച്ചിരുന്ന ഓസ്‌ട്രേലിയയില്‍ നിന്ന് മത്സരം ഇംഗ്ലണ്ടിന്‍റേതാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 359 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ചേസിംഗ് ജയം നേടി. ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ജീവന്‍ നിലനിര്‍ത്തിയ പ്രകടനമായിരുന്നു ഇത്. ആഷസിലാകെ രണ്ടുവീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും അടക്കം 441 റണ്‍സും എട്ട് വിക്കറ്റും താരം നേടി. 

ലോകകപ്പിലും മിന്നലായി, പ്രതിഭാസമായി

ലോകകപ്പില്‍ ആദ്യ മത്സരം മുതല്‍ ഇംഗ്ലണ്ടിന്‍റെ ഭാഗ്യതാരമായിരുന്നു സ്റ്റോക്‌സ്. ലോര്‍ഡ്‌സിലെ ലോകകപ്പ് ഫൈനല്‍ നാടകീയത നിറഞ്ഞപ്പോഴും സ്റ്റോക്‌സ് ഹീറോയായി. മറുപടി ബാറ്റിംഗില്‍ 86 റണ്‍സിന് നാല് വിക്കറ്റ് വീണ ഇംഗ്ലണ്ടിനെ ബട്‌ലര്‍ക്കൊപ്പം സ്റ്റോക്‌സ് കരകയറ്റി. എല്ലാവരും പുറത്തായപ്പോഴും സ്റ്റോക്‌സ് 86 റണ്‍സുമായി പുറത്താകാതെ നിന്നു. അതോടെ മത്സരം സൂപ്പര്‍ ഓവറിലെത്തി. വിവാദങ്ങള്‍ നിറഞ്ഞ തീരുമാനങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയും ചെയ്തു. ലോകകപ്പിലാകെ 465 റണ്‍സും ഏഴ് വിക്കറ്റുമാണ് സ്റ്റോക്‌സ് പേരിലാക്കിയത്.  

Read more: മിന്നുന്ന പ്രകടനത്തിന് അംഗീകാരം; ഐസിസി എമേര്‍ജിംഗ് ക്രിക്കറ്ററായി ലാബുഷെയ്ന്‍

മികച്ച ഏകദിന താരം ഹിറ്റ്‌മാന്‍, ക്യാപ്റ്റന്‍സിയില്‍ കോലിക്കാലം

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ രോഹിത് ശർമ്മ സ്വന്തമാക്കി. ഏഴ് സെഞ്ചുറികളോടെ 1409 റൺസെടുത്ത ബാറ്റിംഗ് മികവാണ് രോഹിത് ശർമ്മയെ 2019ലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്‌മാനാക്കിയത്. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് മികച്ച ടെസ്റ്റ് താരം. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ.  

Read more: ഹിറ്റ്മാന്‍ മാജിക്കിന് കയ്യടിച്ച് ഐസിസിയും; രോഹിത് മികച്ച ഏകദിന താരം

അവിശ്വസനീയ ഫോമിൽ ബാറ്റുവീശുന്ന ഓസീസ് താരം മാർനസ് ലബുഷെയ്‌നാണ് എമർജിംഗ് പ്ലെയർ. ടെസ്റ്റ് ടീമിൽ കോലിക്കൊപ്പം മായങ്ക് അഗ‍ർവാളും ഏകദിന ടീമിൽ രോഹിത് ശർമ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരും ഇടംപിടിച്ചു. ട്വന്റി20യിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഇന്ത്യയുടെ ദീപക് ചാഹറിനാണ്. ബംഗ്ലദേശിനെതിരെ ഏഴു റൺ മാത്രം വഴങ്ങിയാണ് ചാഹർ ആറു വിക്കറ്റെടുത്തത്. 

Read more: ഐസിസി അവാര്‍ഡ്: വിരാട് കോലിക്ക് ഇരട്ട നേട്ടം

click me!