ദുബായ്: ഐസിസി എമേര്‍ജിംഗ് ക്രിക്കറ്റര്‍ പുരസ്കാരം ഓസ്ട്രേലിയയുടെ പുത്തന്‍ താരോദയം മാര്‍നസ് ലാബുഷെയ്ന്. ടെസ്റ്റ് ക്രിക്കറ്റില്‍ 2019ല്‍ 64.94 ശരാശരിയില്‍ റണ്‍സ് അടിച്ചുകൂട്ടിയത് പരിഗണിച്ചാണ് അവാര്‍ഡ്. പുതിയ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ലാബുഷെയ്ന് സാധിച്ചിരുന്നു.

ന്യൂസിലന്‍റിനെതിരെ സിഡ്നിയില്‍ ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെയാണ് തന്‍റെ ഏറ്റവും മികച്ച റാങ്കിംഗ് ലാബുഷെയ്ന്‍ സ്വന്തമാക്കിയത്. കൂടാതെ, പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (549) അടിച്ചുകൂട്ടി കങ്കാരുക്കളുടെ വിജയശില്‍പ്പിയായതും ഇരുപത്തിയഞ്ചുകാരനായ യുവതാരമാണ്. ടെസ്റ്റില്‍ 2019ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും ലാബുഷെയ്‌നാണ്. ക്രിക്കറ്റിലെ വലിയ ഫോര്‍മാറ്റില്‍ 2019ല്‍ 1000 റണ്‍സ് പിന്നിട്ട ഏകതാരമാണ് ലാബുഷെയ്‌ന്‍.

64.94 ശരാശരിയില്‍ 1104 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് മുന്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിന് 965 റണ്‍സാണുള്ളത്. ആഷസില്‍ സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്തിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ലാബുഷെയ്‌ന്‍ മാസ്‌മരിക പ്രകടനവുമായി 2019ല്‍ ശരിക്കും അമ്പരപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് മുതല്‍ 75 ശരാശരിയില്‍ 975 റണ്‍സ് താരം നേടി.