ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്കാരം. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ 2019ല്‍ ഏഴ് ശതകങ്ങളാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 648 റണ്‍സുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയതും രോഹിത് ആയിരുന്നു. 2019ൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമെന്ന റെക്കോർഡും ഹിറ്റ്‌മാന്‍ രോഹിത് ശർമ്മയ്‌ക്കാണ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 28 ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പടെ 2019ൽ 1490 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ്. കൂടി പേരിലെഴുതിയിരുന്നു.

ഒരു കലണ്ടര്‍ വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടിയിരുന്ന രോഹിത് ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കുമെതിരെ സെഞ്ചുറി നേടിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും സെഞ്ചുറി നേടിയതോടെ ഒരു വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന അപൂര്‍വതയാണ് രോഹിത്തിനെ തേടിയെത്തിയത്. ഇതിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷം 10 സെഞ്ചുറികള്‍(ടെസ്റ്റിലും ഏകദിനത്തിലുമായി) നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രോഹിത് 2019ല്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ഏഴും  ടെസ്റ്റില്‍ മൂന്നും സെഞ്ചുറികളാണ് 2019ല്‍ രോഹിത്തിന്റെ പേരിലുള്ളത്.

ഒരു വര്‍ഷം ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയ രോഹിത് ഈ നേട്ടത്തില്‍ സച്ചിന് തൊട്ട് പുറകിലാണ്.  1998ല്‍ എട്ട് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിനാണ് മുന്നില്‍. ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള സൗരവ് ഗാംഗുലിക്കും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പമാണ് രോഹിത് ഇപ്പോള്‍. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും രോഹിത് കയ്യടക്കിയിരുന്നു. 77 സിക്സറുകളാണ് രോഹിത് 2019ല്‍ ആകെ അടിച്ചുകൂട്ടിയത്.