
ബെംഗളൂരു: നീരജ് ചോപ്ര ക്ലാസിക് ഇന്റര്‍നാഷണല്‍ ജാവലിന്‍ ത്രോ മത്സരത്തിന് ഒരുങ്ങുകയാണ് ബെംഗളൂരു. ജൂലൈ 5ന് കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു നീരജ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം വരുന്നത്. മെയ് 24ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് നീരജ് ക്ലാസിക്‌സ് അരങ്ങേറുന്നത്.
കായിക മന്ത്രാലയത്തിന്റെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. ആദ്യം ഹരിയാനയിലെ തൗ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചതെങ്കിലും ലോകോത്തര നിലവാരം അനുസരിച്ചാണ് മത്സരം ബെംഗളൂരുവിലേക്ക് മാറ്റിയത്. ഒളിംപിക്‌സ് മെഡല്‍ നേടിയ തനിക്ക് രാജ്യത്തെ അത്‌ലറ്റിക്‌സിനായി ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി നീരജ് പറഞ്ഞു.
അടുത്തിടെ ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു നീരജ്. കരിയറില്‍ ആദ്യമായിട്ടാണ് നീരജ് 90 മീറ്റര്‍ പിന്നിടുന്നത്. 90.23 ദൂരമെറിഞ്ഞ് നീരജ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയിരുന്നു. മൂന്നാം ശ്രമത്തിലാണ് നീരജ് വ്യക്തിഗത റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. എങ്കിലും താരത്തിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു. അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടി ജൂലിയന്‍ വെബ്ബര്‍ ഒന്നാമത് എത്തുകയായിരുന്നു. കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റര്‍ എന്ന ദൂരം പിന്നിട്ടത്.
പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നു. എക്സിലിട്ട കുറിപ്പില്‍ മോദി പറഞ്ഞതിങ്ങനെ... ''വിസ്മയിപ്പിക്കുന്ന നേട്ടം. ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണിത്. ഇന്ത്യ നിങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.'' മോദി കുറിച്ചിട്ടു.