
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ. തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ആര്‍സിബി ഉന്നതനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലിസ്. ആര്‍സിബിയുടെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലെയാണ് ബെംഗളൂരു പൊലിസ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് രാവിരെ ആറരയോടെ അറസ്റ്റ് ചെയ്തത്. മുംബൈയിലേക്ക് പോകുന്നതിനിടെയായിരുന്നു സോസലെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആരാണ് നിഖില്‍ സോസലെ
ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് റവന്യു വിഭാഗം മേധാവിയാണ് അറസ്റ്റിലായ സോസലെ എന്നാണ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. നേരത്തെ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഡിയാഗിയോ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന സോസലെ രണ്ട് വര്‍ഷമായി ആര്‍സിബിക്കൊപ്പമാണ്. ആര്‍സിബിയെ വലിയ ബ്രാന്‍ഡായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച സോസലെ ആര്‍സിബിയുടെ കിരീടനേട്ടത്തിനുശേഷമുള്ള വിജയാഘോഷങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.
ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശര്‍മക്കൊപ്പം ആര്‍സിബി പ്രൈവറ്റ് ബോക്സിലും സോസലെയെ ആരാധകര്‍ കണ്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോലി പിന്തുടരുന്ന അപൂര്‍വം വ്യക്തികളിലൊരാളുമാണ് സോസലെ. കിരീടം നേടിയതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ആര്‍സിബിയുടെ വിജയാഘോഷവും വിക്ടറി പരേഡും നടത്തിയതില്‍ സോസലെയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തില്‍ കര്‍ശന നടപടിയെടുക്കാൻ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ദുരന്തത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെയും ആര്‍സിബി അധികൃതരുടെയും പങ്ക് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചമുത്തി പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. സംഭവത്തിൽ നേരത്തെ വിക്ടറി പരേഡ് സംഘാടകരായ ഡിഎന്‍എ എന്‍റര്‍ടെയ്ന്‍മെന്‍റ് നെറ്റ്‌വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 3 ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയവർ തിക്കിലും തിരക്കിലുപെട്ട് മരിക്കുകയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബി ദയാനന്ദയെയും അഡീഷണല്‍ കമ്മീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ, സെൻട്രല്‍ ഡിവിഷന്‍ ഡിസിപി, എസിപി, കബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി മൈക്കിള്‍ ഡു കുൻഹയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക