ജനങ്ങളുടെ ജീവിതമാണ് പ്രധാനം, ടീമുകളുടെ വിജയാഘോഷത്തിന് റോഡ് ഷോകളുടെ ആവശ്യമില്ല; തുറന്നടിച്ച് ഗംഭീര്‍

Published : Jun 06, 2025, 10:12 AM IST
Gautam Gambhir and RCB fans

Synopsis

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ വിജയം ആഘോഷിക്കാൻ റോഡ് ഷോ ഇല്ലായിരുന്നു. അതുകൊണ്ട് മുമ്പും ഇപ്പോഴും ഭാവിയിലും എന്‍റെ നിലപാട് ഇത് തന്നൊയായിരിക്കും.

മുംബൈ: ടീമുകളുടെ വിജയാഘോഷത്തിന് റോഡ് ഷോകളുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീർ. ആഘോഷത്തേക്കാളും ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്നും മുൻപും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീർ പറഞ്ഞു. ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ പശ്ചാത്തലത്തിലാണ് ഗംഭീറിന്‍റെ പ്രതികരണം.

ടീമുകളുടെ വിജയഘോഷത്തിന് റോഡ് ഷോ ആവശ്യമില്ലെന്ന നിലപാട് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. കളിക്കാരനായിരുന്നപ്പോഴും ഞാനിത്തരം റോഡ് ഷോകള്‍ക്ക് എതിരായിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ വിജയം ആഘോഷിക്കാൻ റോഡ് ഷോ ഇല്ലായിരുന്നു. അതുകൊണ്ട് മുമ്പും ഇപ്പോഴും ഭാവിയിലും എന്‍റെ നിലപാട് ഇത് തന്നൊയായിരിക്കും. കാരണം വിജയം പ്രധാനമാണ്, ആഘോഷവും പ്രധാനമാണ്, പക്ഷെ അതിനെക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവിതമാണ്. 

ഇത്തരം റോഡ് ഷോകള്‍ നടത്തുന്നതിന് മുമ്പ് അക്കാര്യത്തെക്കുറിച്ചുകൂടി ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. വേണ്ട തയാറെടുപ്പുകളോ മുന്‍കരുതലുകളോ നടത്താതെ ഇത്തരം റോഡ് ഷോകള്‍ നടത്തരുത്. ഒരു സ്റ്റേഡിയത്തിലോ അടച്ചിട്ട പ്രദേശത്തോ വിജയാഘോഷങ്ങള്‍ ഒതുക്കുന്നതായിരിക്കും അഭികാമ്യം. ബെംഗളൂരുവില്‍ സംഭവിച്ചത് ദാരുണമായ സംഭവമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. കാരണം ഇതിന് നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. നമ്മളെല്ലാം ഉത്തരവാദപ്പെട്ട പൗരന്‍മാരാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ഗംഭീര്‍ പറഞ്ഞു.

അതിനിടെ ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍സിബി കെയര്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര