Latest Videos

അന്ന് സച്ചിനെ പുറത്താക്കി, പിന്നീട് കരിയര്‍ തന്നെ മാറിമറിഞ്ഞു; ഭുവനേശ്വര്‍ പറയുന്നു

By Web TeamFirst Published Mar 22, 2020, 7:02 PM IST
Highlights

ക്രിക്കറ്റ് കരിയറിലുണ്ടായ വഴിത്തിരിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. രണ്ട് സംഭവങ്ങളാണ് 30കാരന്‍ ഓര്‍ത്തെടുക്കുന്നത്.  

ലഖ്‌നൗ: ക്രിക്കറ്റ് കരിയറിലുണ്ടായ വഴിത്തിരിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. രണ്ട് സംഭവങ്ങളാണ് 30കാരന്‍ ഓര്‍ത്തെടുക്കുന്നത്.  കഴിഞ്ഞ ദിവസം ക്രിക്ബസിന്റെ സ്‌പൈസി പിച്ച് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു  ഭുവി ഇക്കാര്യം തുറന്ന് പറഞ്ഞത്.

സംസ്ഥാന അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ ലഭിച്ചതാണ് ആദ്യത്തെ സംഭവം. ക്രിക്കറ്റില്‍ തനിക്ക് എന്തെങ്കിലുമൊക്കെയാവാന്‍ കഴിയുമെന്നുള്ള വിശ്വാസം വന്നത് ആ സെലക്ഷന് ശേഷമായിരുന്നെന്ന് താരം പറഞ്ഞു.

എന്നാല്‍ രണ്ടാമത്തെ സംഭവമാണ് കരിയറിനെ മാറ്റിമറിച്ചതെന്ന് താരം പറഞ്ഞു. രഞ്ജി ട്രോഫിയില്‍ സച്ചിന്‍ ടെന്‍ഡുക്കറെ പൂജ്യത്തിന് പുറത്താക്കിയതാണ് സംഭവം. താരം തുടര്‍ന്നു... ''എനിക്ക്19 വയസുണ്ടായിരുന്നപ്പോഴാണ് സംഭവം. 2008-09 സീസണ്‍ രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന് വേണ്ടി കളിക്കുമ്പോള്‍ സച്ചിന്റെ വിക്കറ്റെടുത്തതാണ് തന്റെ കരിയര്‍ മാറ്റി മറിച്ച സംഭവം.

സച്ചിനെ പൂജ്യത്തില്‍ പുറത്താക്കിയത് എനിക്ക് വിശ്വസിക്കാനായില്ല. ആ വിക്കറ്റ് എത്രത്തോളം വലുതായിരുന്നെന്ന് അടുത്ത ദിവസത്തെ പത്രങ്ങള്‍ വായിക്കുമ്പോഴാണ് മനസിലായത്. അതിനുശേഷം ആളുകള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ കരിയര്‍ മാറിത്തുടങ്ങി.'' ഭുവി  പറഞ്ഞുനിര്‍ത്തി.

click me!