
ബെംഗലൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ശ്രേയസ് അയ്യരുടെയും കെ എല്‍ രാഹുലിന്‍റെയും കാര്യത്തില്‍ ഇന്ത്യക്ക് ആശങ്ക. പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത ഇരുവരെയും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന. കായികക്ഷമത വീണ്ടെടുത്താലും മത്സര ക്രിക്കറ്റ് കളിക്കാത്ത ഇരവരെയും ലോകകപ്പിന് മുമ്പ് തിരക്കിട്ട് ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്താനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച അവസാനം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17വരെയാണ് ഏഷ്യാ കപ്പ്. കെ എല്‍ രാഹുല്‍ ഇന്ന് ബാറ്റിംഗ് പരിശീലനത്തിനൊപ്പം കീപ്പിംഗ് പരിശീലനവും പുനരാരംഭിച്ചതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇരവരുടെയും പരിക്കു മാറിയെങ്കിലും കായികക്ഷമതയുടെ കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നു. അതിനാലാണ് ഇരുവരെയും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രത് ബുമ്രയെ അയര്‍ലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തിരുന്നു.
ഏഷ്യാ കപ്പില്‍ കളിച്ചില്ലെങ്കില്‍ രാഹുലും ശ്രേയസും ലോകകപ്പിന് തൊട്ടു മുമ്പായി സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിലാകും തിരിച്ചെത്തുക. എന്നാല്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പ് ടീം സ്ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കേണ്ടതിനാല്‍ ഇതിന് മുമ്പ് ഇരുവരും ഫിറ്റ്നെസ് തെളിയിക്കേണ്ടിവരും.
ശ്രേയസിന്‍റെയും രാഹുലിന്‍റെയും അഭാവത്തില്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഏഷ്യാ കപ്പില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍മാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരും പേസ് നിരയില്‍ തിരിച്ചെത്തും. പേസര്‍ പ്രസിദ്ധ് കൃഷ്ണ പരിക്കു മാറി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും ഏഷ്യാ കപ്പിനുള്ള ടീമിലെത്താന്‍ സാധ്യതയില്ല. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി തുടര്‍ന്നാല്‍ ശുഭ്മാന്‍ ഗില്‍ മധ്യനിരയിലേക്ക് മാറേണ്ടിവരും. ഓഗസ്റ്റ് 24 മുതല്‍ 29 വരെ ബെംഗലൂരുവില്‍ നടക്കുന്ന ഏഷ്യാ കപ്പ് പരീശിലന ക്യാംപിനൊടുവിലാവും ടീം കോംബിനേഷന്‍ സംബന്ധിച്ച അന്തിമ ധാരണയിലെത്തു. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.