കിവീസിന്‍റെ ചിറകരിഞ്ഞ് ബൗളര്‍മാര്‍, അവസാന ഏകദിനത്തിൽ 22 റൺസിന്‍റെ ആവേശ ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ

Published : Nov 15, 2026, 03:49 PM IST
India vs New Zealand

Synopsis

ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 22 റൺസിൻ്റെ ആവേശജയവുമായി അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ.

മൗണ്ട് മൗംഗനൂയി: ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങിയ മത്സരത്തില്‍ ബൗളർമാർ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 22 റൺസിന്‍റെ ആവേശജയവുമായി അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിന് ഓൾ ഔട്ടായപ്പോൾ, 210 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി.

ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്ന ഇന്നിംഗ്സില്‍ 31 റണ്‍സെടുത്ത ഡീൻ ഫോക്സ്ക്രോഫ്റ്റാണ് കിവീസിന്‍റെ ടോപ് സ്കോറർ. നിക്ക് കെല്ലി(24), ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നര്‍(24), വില്‍ യങ്(22) എന്നിവരാണ് കിവീസി് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റ് താരങ്ങള്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും മുഹമ്മദ് സിറാജും അക്സര്‍ പട്ടേലും രണ്ട് വിതവും വിക്കറ്റുകള്‍ വീഴ്ത്തി. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി 11 ഏകദിന പരമ്പരകള്‍ നേടിയ കിവീസിന്‍റെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാനും പരമ്പര നേട്ടത്തോടെ ഇന്ത്യക്കായി. സ്കോര്‍ ഇന്ത്യ 42.1 ഓവറില്‍ 209ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187ന് ഓള്‍ ഔട്ട്.

അർഷ്ദീപും സിറാജും ആഞ്ഞടിച്ചു; തകർന്നടിഞ്ഞ് കിവീസ്

210 റൺസ് എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലൻഡിന് ഇന്ത്യൻ പേസർമാർ തുടക്കം മുതലേ കടിഞ്ഞാണിട്ടു. ആറാം ഓവറിൽ ടിം സൈഫർട്ടിനെ (14) പുറത്താക്കി മുഹമ്മദ് സിറാജാണ് കിവീസ് തകർച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം വിക്കറ്റിൽ വിൽ യങ്ങും (22) നിക്ക് കെല്ലിയും (24) ചേർന്ന് സ്കോർ 64-ൽ എത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരെയും മടക്കി അർഷ്ദീപ് സിങ് കിവീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ അപകടകാരിയായ ഫിൻ അലനെ (1) സിറാജ് കൂടി പുറത്താക്കിയതോടെ 64-1 എന്ന നിലയിൽ നിന്ന് ന്യൂസിലൻഡ് 83-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

മധ്യനിരയിൽ ഡീൻ ഫോക്സ്ക്രോഫ്റ്റും (31) മൈക്കൽ ബ്രേസ്‌വെല്ലും (19) ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിക്കുകയും ടീം സ്കോർ 100 കടത്തുകയും ചെയ്തു. എന്നാൽ, ഫോക്സ്ക്രോഫ്റ്റിനെ യാഷ് താക്കൂറും ബ്രേസ്‌വെല്ലിനെ ആഖിബ് നബിയും പുറത്താക്കിയതോടെ കിവീസ് വീണ്ടും സമ്മർദ്ദത്തിലായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും (24) ക്രിസ്റ്റ്യൻ ക്ലാർക്കും (16) ഇന്ത്യയ്ക്ക് ഭീഷണിയുയർത്തിയെങ്കിലും സാന്‍റ്നറെ നമൻ ധിറും ക്ലാർക്കിനെ അർഷ്ദീപും മടക്കിയതോടെ കിവീസ് പ്രതീക്ഷകൾ അസ്തമിച്ചു. 49-ാം ഓവറിലെ ആദ്യ പന്തിൽ ബ്ലെയർ ടിക്നറെ (14) അക്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചു.

അക്സറും ഇഷാനും രക്ഷകരായി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മുൻനിര ബാറ്റർമാരുടെ നിരാശാജനകമായ പ്രകടനം തിരിച്ചടിയായിരുന്നു. സൂപ്പർ താരങ്ങളായ രോഹിത് ശർമ്മ (7), വിരാട് കോലി (5), റുതുരാജ് ഗെയ്‌ക്‌വാദ് (18) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യൻ സ്കോർ 8.1 ഓവറിൽ 34-3 എന്ന നിലയിലായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (22) പൊരുതിനോക്കിയെങ്കിലും വലിയ സ്കോറിലേക്ക് കടക്കാനായില്ല. തുടർന്ന് ക്രീസിലൊന്നിച്ച അക്സർ പട്ടേലും (46) ഇഷാൻ കിഷനും (46) ചേർന്നാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. വാലറ്റത്ത് നമൻ ധിറും (22) അർഷ്ദീപ് സിങ്ങും (14) മുഹമ്മദ് സിറാജും (14) നിർണ്ണായക സംഭാവനകൾ നൽകിയതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. ന്യൂസിലൻഡിനായി ജേക്കബ് ഡഫിയും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും മൂന്ന് വിക്കറ്റ് വീതവും മാത്യു ഫിഷർ രണ്ട് വിക്കറ്റും വീഴ്ത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ജയിച്ച ഇന്ത്യ, മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ നാലാം ഏകദിനത്തിൽ 244 റൺസിന്‍റെ കൂറ്റൻ തോൽവി വഴങ്ങിയിരുന്നു. എന്നാൽ നിർണായക അഞ്ചാം മത്സരത്തിൽ ബൗളർമാരുടെ കരുത്തിൽ തിരിച്ചടിച്ച ഇന്ത്യൻ നിര, നവംബർ 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആത്മവിശ്വാസം വാനോളമുയർത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുസ്വപ്നം പോലൊരു പരമ്പര! പക്ഷേ, ലോകകപ്പില്‍ രോ-കോ അല്ലാതെ മറ്റാരുണ്ട്?
നിരാശപ്പെടുത്തി രോഹിത്തും കോലിയും, അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് അടിതെറ്റി; കിവീസിന് 210 റൺസ് ലക്ഷ്യം