
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഫോമിലേക്ക് തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബിന്റെ ക്യാപ്റ്റനായ അഭിഷേക് ബംഗാളിനെതിരെ 52 പന്തുകളില്‍ മാത്രം 148 റണ്‍സാണ് അടിച്ചെടുത്തത്. 16 സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 310 റണ്‍സ് നേടി. മുഷ്താഖ് അലിയിലെ ആദ്യ മത്സരത്തിലും താരം നിരാശപ്പെടുത്തിയിരുന്നു. പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 205 ചേര്‍ക്കാന്‍ പ്രഭ്‌സിമ്രാന് സാധിച്ചിരുന്നു. ഇരുവരും നിറഞ്ഞാടിയപ്പോള്‍ മുഹമ്മദ് ഷമി നാല് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു.
12 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഭിഷേക് മുഹമ്മദ് ഷമിയുടെ ഒരോവറില്‍ അടിച്ചെടുത്തത് 23 റണ്‍സ്. അഭിഷേഖിന്റെ ആദ്യ 51 റണ്‍സില്‍ 50ഉം ബൗണ്ടറികളിലൂടെ ആയിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും അപ്പോള്‍ തന്നെ അഭിഷേക് നടി. 32 പന്തില്‍ നിന്ന് 11 സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെടെ അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കി. വെറും 157 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അദ്ദേഹം എട്ടാമത്തെ ടി20 സെഞ്ച്വറി നേടിയത്. ഇതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പമെത്താനും അഭിഷേകിന് സാധിച്ചു. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ വിരാട് കോഹ്ലി (9) മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷം മേഘാലയയ്ക്കെതിരെ വെറും 28 പന്തില്‍ നിന്ന് അഭിഷേക് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാ ടി20 മത്സരങ്ങളില്‍ നിന്നുമായി അഭിഷേക് 87 സിക്സറുകള്‍ നേടിയിരുന്നു. ഈ വര്‍ഷം അത് 91 ആയി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനും അഭിഷേകിന് സാധിച്ചു.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
91* (33 ഇന്നിംഗ്സ്) അഭിഷേക് ശര്‍മ (2025)
87 (38) അഭിഷേക് ശര്‍മ (2024)
85 (41്) സൂര്യകുമാര്‍ യാദവ് (2022)
71 (33) സൂര്യകുമാര്‍ യാദവ് (2023)
66 (31്) ഋഷഭ് പന്ത് (2018)
63 (42്) ശ്രേയസ് അയ്യര്‍ (2019)
60 (32്) സഞ്ജു സാംസണ്‍ (2024)