ബാറ്റിം​ഗിൽ തിളങ്ങി വീണ്ടും ജഡേജ; കൗണ്ടി സെലക്ട് ഇലവനെതിരായ പരിശീലന മത്സരം സമനിലയിൽ

By Web TeamFirst Published Jul 22, 2021, 11:41 PM IST
Highlights

നാലാമനായി ക്രീസിലെത്തിയ ജഡേജ 51 റൺസെടുത്ത് റിട്ടയർ ചെയ്തപ്പോൾ വിഹാരി 43 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിം​ഗ്സിലും ജഡേജ അർധസെഞ്ചുറി(75) നേടിയിരുന്നു.

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരത്തിൽ രണ്ടാം ഇന്നിം​ഗ്സിലും അർധസെഞ്ചുറിയുമായി തിളങ്ങി രവീന്ദ്ര ജഡേജ. മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ട് ഇന്നിം​ഗ്സിലും അർധസെഞ്ചുറി നേടിയാണ് ജഡേജ ബാറ്റിം​ഗിൽ മികവ് കാട്ടിയത്. സ്കോർ ഇന്ത്യ 311, 192-3, കൗണ്ടി സെലക്ട് ഇലവൻ 220, 31-0

ക്യാപ്റ്റൻ രോഹിത് ശർമ വിശ്രമിച്ചപ്പോൾ കൗണ്ടി ഇലവന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിന് മറുപടിയായി മൂന്നാം ദിനം ഇന്ത്യക്കായി ഇന്നിം​ഗ്സ് ഓപ്പൺ ചെയ്തത് മായങ്ക് അ​ഗർവാളും ചേതേശ്വർ പൂജാരയും ചേർന്നായിരുന്നു. ഓപ്പണിം​ഗ് വിക്കറ്റിൽ 87 റൺടിച്ച് ഇരുവരും ഇന്ത്യക്ക് നല്ല തുടക്കം നൽകി.

47 റൺസെടുത്ത മായങ്കിനെ ജാക് കാഴ്സന്റെ പന്തിൽ വാഷിം​ഗ്ടൺ സുന്ദർ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 38 റൺസെടുത്ത പൂജാരയെയും കാഴ്സൻ മടക്കി. മൂന്നാം വിക്കറ്റിൽ ഹനുമാ വിഹാരിക്കൊപ്പം ഒത്തുചേർന്ന ജഡേജ ആദ്യ ഇന്നിം​ഗ്സിലെ ഫോം തുടർന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 51 റൺസെടുത്ത് റിട്ടയർ ചെയ്തപ്പോൾ വിഹാരി 43 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിം​ഗ്സിലും ജഡേജ അർധസെഞ്ചുറി(75) നേടിയിരുന്നു.

ആറ് റൺസുമായി ഷർദ്ദുൽ ഠാക്കൂർ ആയിരുന്നു ഇന്ത്യ രണ്ടാം ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ ക്രീസിൽ. രണ്ടാം ഇന്നിം​ഗ്സ് ബാറ്റിം​ഗിനിറങ്ങിയ കൗണ്ടി സെലക്ട് ഇലവനെതിരെ ഇന്ത്യൻ പേസർമാർ 16 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

ഓപ്പണർ ഹസീബ് ഹമീദിന്റെ സെഞ്ചുറിയാണ് രണ്ടാം ദിനം കൗണ്ടി സെലക്ട് ഇലവനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 112 റൺസടിച്ച ഓപ്പണർ ഹസീബ് ഹമീദാണ് കൗണ്ടി ഇലവന്റെ ടോപ് സ്കോററായപ്പോൾ ലിയാം പാറ്റേഴ്സൺ(33), ലിൻഡൻ ജെയിംസ്(27), ജാക് ലിബ്ബി(12) എന്നിവരാണ് പിന്നീട് കൗണ്ടി ഇലവനിൽ രണ്ടക്കം കടന്നത്.

ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോൾ 15 ഓവർ ബൗൾ ചെയ്ത ജസ്പ്രീത് ബുമ്രക്ക് ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞുള്ളു. ഷർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അടുത്തമാസം നാലിന് ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരമായിരുന്നു ഇത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യപ്റ്റൻ അജിങ്ക്യാ രഹാനെ, ആർ അശ്വിൻ, കൊവിഡ് ബാധിതനായ റിഷഭ് പന്ത്, ഐസൊലേഷനിലുള്ള വൃദ്ധിമാൻ സാഹ എന്നിവർ മത്സരത്തിൽ കളിച്ചില്ല.

അതിനിടെ മത്സരത്തിനിടെ സ്പിന്നർ വാഷിം​ഗ്ടൺ സുന്ദറിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.സുന്ദറിന് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാവും.

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!