ഇതിഹാസങ്ങളുടെ ക്രിക്കറ്റ് കാണാന്‍ ഇനി കാണികള്‍ക്ക് പ്രവേശനമില്ല

By Web TeamFirst Published Mar 12, 2020, 2:52 PM IST
Highlights

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 ടൂര്‍ണമെന്‍റിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ താരങ്ങളുടെയും സ്റ്റാഫിന്‍റെയും ആരാധകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിത്. 

കൊവിഡ് 19 കേസുകള്‍ മഹാരാഷ്‌ട്രയില്‍ വര്‍ധിക്കുന്ന പശ്‌ചാത്തലത്തിലാണ് സംഘാടകരുടെ തീരുമാനം. ടൂര്‍ണമെന്‍റില്‍ ബാക്കിയുള്ള എല്ലാ മത്സരങ്ങളും മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാകും നടക്കുക. മൂന്നാംപാദം മാര്‍ച്ച് 14 മുതല്‍ 20 വരെ പുണെയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫൈനലും മുംബൈയില്‍ തന്നെ നടക്കും. 

Read more: പഠാന്‍ പവര്‍; ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് ത്രസിപ്പിക്കുന്ന ജയം

സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ലങ്ക, ജോണ്ടീ റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20യില്‍ അണിനിരക്കുന്നത്. പതിമൂന്നാം തിയതി ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സും ശ്രീലങ്ക ലെജന്‍ഡ്‌സും തമ്മിലാണ് അടുത്ത മത്സരം. 

ഇതുവരെ 126,519 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ 4,637 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 73 ആയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!