മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് രണ്ടാം ജയം. ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇര്‍ഫാന്‍ പഠാന്റെ (31 പന്തില്‍ പുറത്താവാതെ 57) നിര്‍ണായക പ്രകടനമാണ് ഇന്ത്യക്ക് ടൂര്‍ണമെന്റിലെ രണ്ടാം ജയം സമ്മാനിച്ചത്. നേരത്തെ വെസ്റ്റ് ഇന്‍ഡിസീനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ലങ്ക ആദ്യ മത്സരത്തില്‍ ഓസീസിനെ മറികടന്നു.

മുഹമ്മദ് കൈഫ് (46), പഠാന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (0), വിരേന്ദര്‍ സെവാഗ് (3), യുവരാജ് സിംഗ് (1), സഞ്ജയ് ബംഗാര്‍ (18) എന്നിവര്‍ നിരാശപ്പെടുത്തി. 45 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കൈഫിന്റെ ഇന്നിങ്‌സ്. ഇര്‍ഫാന്‍ മൂന്ന് സിക്‌സും ആറ്  ഫോറും നേടി. ചാമിന്ദ വാസ് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 23 റണ്‍സ് വീതം നേടിയ ചമര കപുഗേദരയും ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുനാഫ് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സത്തില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

ദേഭപ്പെട്ട തുക്കമായിരുന്നു ശ്രീലങ്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ രമേഷ് കലുവിതരണ (21)- ദില്‍ഷന്‍ സഖ്യം 46 റണ്‍സ് നേടി. എന്നാല്‍ ദില്‍ഷനെ പുറത്താക്കി മുനാഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് കൈഫിന്റെ തകര്‍പ്പന്‍ ക്യാച്ച്. കലുവിതരണയെ ഇര്‍ഫാന്‍ പഠാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ എത്തിയ മര്‍വാന്‍ അതപട്ടു (1), തിലന്‍ തുഷാര (10), സചിത്ര സേനനായകെ (19), ഫര്‍വീസ് മെഹറൂഫ് (10) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.

മുനാഫിന് പുറമെ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബംഗാര്‍ എന്നിവര്‍ ഒാരോ വിക്കറ്റ് വീഴ്ത്തി.