'ടീമില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം'; ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ പരിശീലകന്‍

Published : Jul 29, 2026, 06:22 PM IST
Cricket Australia

Synopsis

2027 ഏകദിന ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു. മത്സരങ്ങളുടെ എണ്ണം കൂടുന്നതും പരിക്കുകള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഈ ആവശ്യം.

സിഡ്‌നി: 2027 ഏകദിന ലോകകപ്പ് സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടീമുകള്‍ക്ക് കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കാനും ടീമുകളെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐസിസി പ്രഖ്യാപിച്ച പുതിയ ഘടനയനുസരിച്ച് 2027 ലോകകപ്പില്‍ 14 ടീമുകള്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് മുന്നോടിയായി ഒരു സൂപ്പര്‍ സീരീസ് റൗണ്ടും സെമിഫൈനലിന് മുന്നോടിയായി സൂപ്പര്‍ 7 റൗണ്ടും പുതിയ ഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ലെ 10 ടീമുകള്‍ മാത്രം പങ്കെടുത്ത ലോകകപ്പ് ഫോര്‍മാറ്റില്‍ നിന്ന് വലിയ മാറ്റമാണിത്. 2023 ലോകകപ്പില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആകെ 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍, 2027 ലോകകപ്പില്‍ കിരീടം ചൂടുന്ന ടീം കുറഞ്ഞത് 13 മത്സരങ്ങളെങ്കിലും കളിക്കേണ്ടി വരും. ഇതില്‍ അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും, ആറ് സൂപ്പര്‍ 7 മത്സരങ്ങളും, ഒരു സെമിഫൈനലും ഫൈനലുമാണ് ഉള്‍പ്പെടുന്നത്.

താഴെയുള്ള മൂന്ന് റാങ്കിംഗിലുള്ള ടീമുകള്‍ സൂപ്പര്‍ സീരീസ് കളിച്ച് ഫൈനല്‍ വരെ എത്തുകയാണെങ്കില്‍ ചാമ്പ്യന്മാരാകുന്ന ടീമിന്റെ മത്സരങ്ങള്‍ 15 വരെയായി ഉയരാന്‍ സാധ്യതയുണ്ട്. 2019, 2023 ഏകദിന ലോകകപ്പുകളിലും 2022, 2024, 2026 ടി20 ലോകകപ്പുകളിലും തങ്ങളുടെ ക്യാമ്പുകളിലുണ്ടായ പരിക്കുകള്‍ ചൂണ്ടിക്കാട്ടി വലിയ സ്‌ക്വാഡ് വേണമെന്ന് ഓസ്‌ട്രേലിയ മുന്‍പും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ 15 അംഗ സ്‌ക്വാഡുമായി കളിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ മക്‌ഡൊണാള്‍ഡ് ചൂണ്ടിക്കാണിച്ചു. 'ഞങ്ങള്‍ക്ക് ചില പരിക്കുകള്‍ നേരിടേണ്ടി വന്നു. ട്രാവിസ് ഹെഡിനും ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസനും പരിക്കേറ്റതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ 12-13 കളിക്കാരെ മാത്രം വെച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു.' എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 2023 ലോകകപ്പില്‍ വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന് ഗ്രൂപ്പ് ഘട്ടത്തിലെ പ്രധാന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ടൂര്‍ണമെന്റിനിടയില്‍ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ ഓസ്‌ട്രേലിയ അദ്ദേഹത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. ഐസിസി നിയമപ്രകാരം പരിക്കേറ്റ കളിക്കാരനെ ഔദ്യോഗികമായി ഒഴിവാക്കി പകരം ആളെ എടുത്താല്‍ പിന്നീട് തിരിച്ചു വിളിക്കാന്‍ കഴിയില്ല. അതിനാല്‍ 14 ഫിറ്റ് കളിക്കാരെ വെച്ചാണ് ഓസ്‌ട്രേലിയ ആദ്യ മത്സരങ്ങള്‍ കളിച്ചത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയ ഹെഡ് സെമിയിലും ഫൈനലിലും തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെച്ച് ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിച്ചു.

2026ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ 26 അംഗ സ്‌ക്വാഡിനെ അനുവദിച്ച കാര്യം ഉദ്ധരിച്ച മക്‌ഡൊണാള്‍ഡ്, ക്രിക്കറ്റിലും സ്‌ക്വാഡ് അംഗങ്ങളുടെ എണ്ണം 17 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ലോകകപ്പിന് മുന്നേയുള്ള കടുത്ത മത്സരക്രമം കാരണം പല പ്രമുഖ താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. 50-50 ഫിറ്റ്‌നസുള്ള ഇത്തരം താരങ്ങളെയും ഒപ്പംകൂട്ടാന്‍ വലിയ സ്‌ക്വാഡുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീചെം ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി; ഹിമാചല്‍ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്
230 സ്ഥാനങ്ങള്‍ മറികടന്നു, ടി20 റാങ്കിംഗിന്‍ വന്‍ കുതിപ്പുമായി വൈഭവ് സൂര്യവംശി; അഭിഷേകിന് തിരിച്ചടി