ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ 42-കാരൻ അമിത് മിശ്രയും കോച്ചിംഗ് കരിയറിലെ ആദ്യ ഐ.പി.എൽ അധ്യായത്തിനാണ് തുടക്കമിടുന്നത്.
ദില്ലി: ഐപിഎൽ സീസണിന് മുന്നോടിയായി ടീം മാനേജ്‌മെന്റിൽ വൻ മാറ്റങ്ങളുമായി ഡൽഹി ക്യാപിറ്റൽസ്. ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിയും ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗും എത്തുമ്പോള്‍ പേസ് ബൗളിംഗ് പരിശീലകനായി ശ്രീലങ്കൻ പേസ് ഇതിഹാസം ചാമിന്ദ വാസും സ്പിന്‍ പരിശീലകനായി മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്രയും എത്തുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിൽ ചാമിന്ദ വാസ് ആദ്യമായാണ് പരിശീലകനായി എത്തുന്നത്. ടെസ്റ്റിൽ 355 വിക്കറ്റുകളും ഏകദിനത്തിൽ 400 വിക്കറ്റുകളും നേടിയിട്ടുള്ള ചാമിന്ദ വാസ്, 2008 മുതൽ 2010 വരെയുള്ള ആദ്യ മൂന്ന് ഐ.പി.എൽ സീസണുകളിൽ ഡെക്കാൻ ചാർജേഴ്സിനായി കളിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയിൽ ശ്രീലങ്കൻ ദേശീയ ടീം, ന്യൂസിലാൻഡ്, അയർലൻഡ് ടീമുകൾക്കൊപ്പം പ്രവർത്തിച്ച പരിചയം വാസിനുണ്ട്. കൂടാതെ, സിം ആഫ്രോ ടി10 ലീഗ്, ലങ്ക പ്രീമിയർ ലീഗ് എന്നിവയിലും അദ്ദേഹം ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ 42-കാരൻ അമിത് മിശ്രയും കോച്ചിംഗ് കരിയറിലെ ആദ്യ ഐ.പി.എൽ അധ്യായത്തിനാണ് തുടക്കമിടുന്നത്. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ (3 തവണ) നേടിയ റെക്കോർഡിന് ഉടമയായ മിശ്ര 162 മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന്‍റെ സഹഉടമകളായ ജി.എം.ആറും ജെ.എസ്.ഡബ്ല്യുവും തമ്മിലുള്ള രണ്ടുവർഷത്തെ റൊട്ടേഷൻ കരാർ പ്രകാരമാണ് പുതിയ ബോർഡ് ഭരണം ഏറ്റെടുക്കുന്നതും പരിശീലക സംഘത്തെ പുനഃസംഘടിപ്പിച്ചതും. വാസും മിശ്രയും നിലവിൽ ഡൽഹിയിലെത്തി ക്യാപിറ്റൽസ് അക്കാദമി കളിക്കാർക്കൊപ്പം പരിശീലനം ആരംഭിച്ചതായി ക്രിക്ക്ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.
