ചതുര്‍ദിന ടെസ്റ്റ്:പിന്തുണയുമായി ദക്ഷിണാഫ്രിക്ക

By Web TeamFirst Published Jan 7, 2020, 6:09 PM IST
Highlights

ടെസ്റ്റിന്റെ എണ്ണം ചുരുക്കുന്നതിനെ ക്രിക്കറ്റ് സൗത്താഫ്രിക്ക എതിര്‍ക്കുമെന്ന് ബ്രിട്ടീഷ് ദിനപത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കി ചുരുക്കുന്നതിനുള്ള ഐസിസി നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ പ്രതികരണം. സിംബാബ്‍വെക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് നാല് ദിവസത്തെ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കളിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

ടെസ്റ്റിന്റെ എണ്ണം ചുരുക്കുന്നതിനെ ക്രിക്കറ്റ് സൗത്താഫ്രിക്ക എതിര്‍ക്കുമെന്ന് ബ്രിട്ടീഷ് ദിനപത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.ടെസ്റ്റ് നാല് ദിവസമാക്കി ചുരുക്കുന്നതിനെക്കുറിച്ച് ഐസിസി മാര്‍ച്ചില്‍ യോഗം ചേരാനിരിക്കെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക നിലപാട് വ്യക്തമാക്കിയത്. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ചതുര്‍ദിന ടെസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

നേരത്തെ ഓസ്ട്രേലിയന്‍ താരങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ചതുര്‍ദിന ടെസ്റ്റിന് ക്രിക്കറ്റ് ഓസ്ട്രേലിയയും തത്വത്തില്‍ പിന്തുണ അറിയിച്ചിരുന്നു. ഐസിസി നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ വിരാട് കോലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്, ഓസീസ് പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചതുര്‍ദിന ടെസ്റ്റിന്റെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

click me!