
ലണ്ടന്‍: ബിസിസിഐ പ്രസിഡന്റുും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് ഐസിസിയെ നയിക്കാനുള്ള മികവുണ്ടെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ ഡേവിഡ് ഗവര്‍. രാഷ്ട്രീയകളികള്‍ ഗാംഗുലിക്ക് നല്ലപോലെ അറിയാമെന്നും ഭാവിയില്‍ ഗാംഗുലി ഐസിസിയുടെ തലപ്പത്ത് എത്തുമെന്നുറപ്പാണെന്നും ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഗവര്‍ പറഞ്ഞു.
ഐസിസിയെ നയിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടുള്ള ജോലിയാണ് ബിസിസിഐയെ നയിക്കുക എന്നത്. ഒരുപക്ഷെ ലോകക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പദവിയാണത്. ആ പദവിയിലിരിക്കുന്നയാള്‍ രാജ്യത്തെ കോടിക്കണക്കിന് ആരാധകരോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. അത് വിജയകരമായി നടത്തുന്ന ഗാംഗുലിക്ക് ഭാവിയില്‍ ഐസിസിയെ നയിക്കാനും കഴിയും.
ഡേവിഡ് ഗവര്‍
ബിസിസിഐയെ നയിക്കാന്‍ ചില്ലറ മികവൊന്നും പോരാ എന്നു തന്നെയാണ് ഞാന്‍ ഇത്രനാളത്തെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത് . ഗാംഗുലിയെപ്പോലെ മികച്ച പ്രതിച്ഛായയുള്ളയാള്‍ ബിസിസിഐ തലപ്പത്ത് മികച്ച തുടക്കമാണിട്ടത്. ബിസിസിഐയെ പോലൊരു സംഘടനയുടെ ഭരണം നിയന്ത്രിക്കണമെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഭരണ മികവ് വേണം. അത് അദ്ദേഹത്തിനുണ്ട്. ബിസിസിഐ അധ്യക്ഷനെന്ന നിലയില്‍ എല്ലാവരെയും കേള്‍ക്കുമ്പോഴും പറയേണ്ട കാര്യങ്ങള്‍ സൗമ്യമായി പറഞ്ഞും ചെയ്യേണ്ടത് ചെയ്യിച്ചും ഗാംഗുലി ഉജ്ജ്വലമായാണ് പ്രവര്‍ത്തിക്കുന്നത്.
ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോള്‍ നൂറായിരം കാര്യങ്ങളാണ് നിങ്ങള്‍ നിയന്ത്രിക്കേണ്ടത്. അതെല്ലാം ഗാംഗുലി വിജയകരമായി ചെയ്യുന്നുണ്ട്. ഏവരെയും ഒരുമിച്ച് കൊണ്ടുപോകാനും കാര്യങ്ങളെല്ലാം നേര്‍വഴിക്കാക്കാനും ഗാംഗുലിയുടെ വ്യക്തിത്വവും അദ്ദേഹത്തെ തുണക്കുന്നുണ്ട്. ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ മികവ് കാട്ടിയാല്‍ ഭാവിയില്‍ എന്താകുമെന്ന് ആര്‍ക്ക് അറിയാം.
കാരണം സത്യസന്ധമായി പറഞ്ഞാല്‍ ഐസിസിയെ നയിക്കുന്നതിനെക്കാള്‍ പ്രധാനമാണ് ബിസിസിഐയെ നയിക്കുക എന്നത്. കാരണം അധികാരം എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഐസിസി അധ്യക്ഷനെന്ന പദവി ശരിക്കും അംഗീകാരമാണെന്നും ഗവര്‍ പറഞ്ഞു. മുന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ഇപ്പോള്‍ ഐസിസിയുടെ സ്വതന്ത്ര അധ്യക്ഷന്‍. ജൂണോടെ അദ്ദേഹത്തിന്റെ കാലവധി തീരുമെങ്കിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത് ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്.
ബിസിസിഐ പ്രസിഡന്റാവുന്നതിന് മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ഗാംഗുലിക്ക് ലോധ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 10 മാസം മാത്രമെ ബിസിസിഐ അധ്യക്ഷപദവിയില്‍ തുടരാനാവു. എന്നാല്‍ ഇതില്‍ ഭരണഘടന ഭേദഗതി ആവശ്യപ്പെട്ട് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുവദിക്കുകയാണെങ്കില്‍ ഗാംഗുലിക്ക് അധ്യക്ഷപദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!