
മുംബൈ: ഇംഗ്ലണ്ടിനെതിരെ നാളെ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ രജത് പാടീദാറിന് പകരം സര്‍ഫറാസ് ഖാനെ കളിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. പ്ലേയിംഗ് ഇലവനില്‍ 11 പേരെ മാത്രമെ കളിപ്പിക്കാനാവൂ എന്നതിനാല്‍ സര്‍ഫറാസിനെ ആര്‍ക്ക് പകരം കളിപ്പിക്കുമെന്നതും വലിയ ചോദ്യമാണെന്ന് ദീപ്ദാസ് ഗുപ്ത യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിലെത്തിയതിന് ആദ്യം തന്നെ സര്‍ഫറാസിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുറത്തെടുത്ത മികവണ് അവനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. അതുകൊണ്ടുതന്നെ അവന് നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ രണ്ട് ചോദ്യമാണ് അത് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്. ആര്‍ക്കു പകരം ഏത് സ്ഥാനത്താണ് സര്‍ഫറാസിനെ കളിപ്പിക്കുക എന്നതാണ് അതിലൊന്ന്. 11 പേര്‍ക്കല്ലെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനാവു. 15-16 പേര്‍ക്ക് കളിക്കാനാവില്ലല്ലോ.
രണ്ടാമത്തെ കാര്യം പലരില്‍ നിന്നും ഞാന്‍ കേട്ടകാര്യമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത്രയധികം റണ്‍സടിക്കുകയും 70ന് അടുത്ത ശരാശരിയുമുണ്ടെങ്കിലും വലിയ മത്സരങ്ങളില്‍ സര്‍ഫറാസിന്‍റെ പ്രകടനം മോശമാണ് എന്നതാണ്. അത് മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിലവാരമുള്ള ടീമുകള്‍ കുറവായതിനാല്‍ അവിടെ റണ്‍സടിച്ചതിന്‍റെ പേരില്‍ മാത്രം സെലക്ടര്‍മാര്‍ക്ക് ഒരാളെ ദേശീയ ടീമിലെടുക്കാനാവില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, 37 ടീമുകളാണ് അവിടെ മത്സരിക്കുന്നത്. അതില്‍ നിലവാരമുള്ള ടീമുകളുമുണ്ട്, നിലവാരമില്ലാത്ത ടീമുകളുമുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കെതിരെ റണ്‍സടിച്ചു എന്നതും പ്രധാനമാണ്. സര്‍ഫറാസിനെതിരെ അല്ല ഞാന്‍ പറയുന്നത്.
സര്‍ഫറാസിനെ വേണോ ശുഭ്മാന്‍ ഗില്ലിനെ വേണോ എന്ന ചോദ്യം മുന്നില്‍ വന്നാല്‍ സെലക്ടര്‍മാര്‍ ഗില്ലിന് അവസരം കൊടുക്കാനാണ് സാധ്യത. കാരണം, സര്‍ഫറാസിനെക്കാള്‍ കഴിവുള്ള കളിക്കാരനാണ് ഗില്‍. അതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും ഭാവിയില്‍ ഒരുപോലെ അവസരം കിട്ടുമെന്ന് പറയാനാവില്ല. ഒരാളുടെ കഴിവ് വെച്ചാണ് അയാള്‍ക്ക് സെലക്ടര്‍മാര്‍ കൂടുതല്‍ അവസരം നല്‍കുന്നത്. കഴിവില്‍ വിശ്വസിക്കുക എന്നത് സെലകടര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക