കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ ഷമര്‍ ജോസഫും ഉണ്ടായിരുന്നെങ്കിലും ഒരു ടീമും യുവതാരത്തിനായി രംഗത്തുവന്നിരുന്നില്ല.

ബെംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ക്രിക്കറ്റ് ലോകത്ത് തരംഗമായി മാറിയ വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിനെ സ്വന്തമാക്കാന്‍ മൂന്ന് ഐപിഎല്‍ ടീമുകള്‍ രംഗത്ത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളാണ് ഷമര്‍ ജോസഫിനെ നോട്ടമിട്ടിരിക്കുന്നത് എന്നാണ് സൂചന.

കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ ഷമര്‍ ജോസഫും ഉണ്ടായിരുന്നെങ്കിലും ഒരു ടീമും യുവതാരത്തിനായി രംഗത്തുവന്നിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ വീരോചിത പ്രകടനത്തിന് പിന്നാലെ ഷമറിനെ എങ്ങനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീമുകള്‍. ലേലം കഴിഞ്ഞതിനാല്‍ ഇനി മുന്നിലുള്ള വഴി ഏതെങ്കിലും വിദേശ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനായി ടീമിലെത്തിക്കുക എന്നതാണ്.

ഓസ്‌ട്രേലിയയെ ഞെട്ടിച്ച് വിന്‍ഡീസ്! ഗാബയില്‍ ത്രസിപ്പിക്കുന്ന ജയം; സൂപ്പര്‍ ഹീറോയായി ഷമര്‍ ജോസഫ്

ഇവിടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. താരലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ ഇംഗ്ലീഷ് പേസര്‍ ടോം കറന്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഐപിഎല്ലില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ടോം കറന്‍ പിന്‍മാറിയാല്‍ പകരം ഒരു വിദേശ പേസറെ ആര്‍സിബിക്ക് ടീമിലെത്തിക്കാം. ഈ സാഹചര്യത്തില്‍ ഷമറിനായി ആര്‍സിബി ശ്രമിക്കുമെന്നാണ് കരുതുന്നത്.

Scroll to load tweet…

താരലേലത്തിന് മുമ്പ് ജോഷ് ഹേസല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ട് ബൗളിംഗ് നിര ഉടച്ചുവാര്‍ത്ത ആര്‍സിബി ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത് അല്‍സാരി ജോസഫ്, യാഷ് ദയാല്‍, ടോം കറന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെയാണ്. ഇതില്‍ ടോം കറന്‍ പരിക്കേറ്റ് പിന്‍മാറിയാല്‍ പകരം ഷമര്‍ ജോസഫിനെ ടീമിലെടുക്കാന്‍ ആര്‍സിബിക്കാവും. കറന്‍ ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തിലുള്ള സംശയം മാത്രമാണ് നിലവില്‍ ആര്‍സിബിക്ക് മുന്നില്‍ വെല്ലുവിളിയായുള്ളത്.

ആ തന്ത്രം പാളി, രണ്ടാം ടെസ്റ്റിന് തൊട്ടു മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടി; നിര്‍ണായക താരം പരിക്കേറ്റ് പുറത്ത്

മുംബൈക്കും കൊല്‍ക്കത്തക്കും ഷമര്‍ ജോഫില്‍ താല്‍പര്യമുണ്ടെങ്കിലും ഷമറിനെ സ്വന്തമാക്കുക എളുപ്പമല്ല. ഐപിഎല്ലിലെ റെക്കോര്‍ഡ് തുകക്ക് ടീമിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഷമറിനെപ്പോലൊരു യുവപേസര്‍ കൂടിയുണ്ടെങ്കില്‍ ബൗളിംഗ് ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത വിന്‍ഡീസ് താരത്തിനായി ശ്രമിക്കുന്നത്. മുംബൈ ആകട്ടെ ജസ്പ്രീത് ബുമ്രക്ക് പറ്റിയ പിന്തുണക്കാരനെയാണ് ഷമറില്‍ കാണുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി അരങ്ങേറിയ ഷമര്‍ ജോസഫ് ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് പിഴുത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചതോടെയാണ് ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍ താരമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക