
മുംബൈ: അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഡെൽഹി ഡെയർഡെവിൾസ് വനിതകൾക്ക് ത്രസിപ്പിക്കുന്ന ജയം. സ്കോർ- മുംബൈ ഇന്ത്യൻസ് 19.1 ഓവറിൽ 164. ഡെൽഹി 20 ഓവറിൽ എട്ട് വിക്കറ്റിന് 165. രണ്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. മലയാളി താരം സജന എറിഞ്ഞ അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്നു. ഒരു വിക്കറ്റ് വീണെങ്കിലും അവസാന പന്തിൽ രണ്ട് റൺസ് എടുത്ത് അരുന്ധതി റെഡ്ഡി ഡെൽഹിക്ക് വിജയം സമ്മാനിച്ചു. 4 പന്തിൽ 9 റൺസെടുത്ത രാധാ യാദവിന്റെ പ്രകടനം നിർണായകമായി. 165 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഡെൽഹിക്ക് വേണ്ടി ഷെഫാലി വെർമ(18 പന്തിൽ 43), നിക്കി പ്രസാദ് (33 പന്തിൽ 35), സാറ ബ്രൈസ് (10 പന്തിൽ 21 ) എന്നിവരും തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാറ്റ്-സിവർ ബ്രൻഡിന്റെയും ക്യാപ്റ്റൻ ഹർമൻ പ്രീതിന്റെയും മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് വലിയ ടോട്ടൽ നേടിയത്. സ്കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഹെയ്ലി മാത്യൂസും (1), തൊട്ടുപിന്നാലെ യാത്സിക ഭാട്ടിയയും (11) പുറത്തായെങ്കിലും പിന്നീട് നാറ്റ് സിവറും ഹർമനും കളം പിടിച്ചു. നാറ്റ്-സിവർ വെറും 59 പന്തിൽ 13 ഫോറുകളുടെ അകമ്പടിയോടെ 80 റൺസുമായി പുറത്താകാതെ നിന്നു.
ഹർമൻ 22 പന്തിൽ 42 റൺസ് നേടി. 4 ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹർമൻ പ്രീതിന്റെ ഇന്നിങ്സ്. പിന്നീടാരും രണ്ടക്കം കടന്നില്ല. ഡെൽഹിക്ക് വേണ്ടി അന്നബെൽ സതർലൻഡ് മൂന്നും ശിഖർ പാണ്ഡെ രണ്ടും വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!