
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) കിരീട നേട്ടത്തിലേക്ക് നയിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായക സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടുന്ന താരമായി വളര്‍ന്നിരിക്കുകയാണ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya). മുന്‍ നായകന്‍ എം എസ് ധോണിക്ക്(MS Dhoni) കീഴില്‍ 2016ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പാണ്ഡ്യ പിന്നീട് ഇന്ത്യന്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായി.
എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ധോണിക്ക് കീഴില്‍ മൂന്ന് മത്സരം കളിച്ചപ്പോഴെ താന്‍ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ധോണി ഉറപ്പു നല്‍കിയിരുന്നതായി വെളിപ്പെടുത്തുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. ഓസ്ട്രേലിയക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച ധോണി വീണ്ടും പന്തേല്‍പ്പിച്ചത് മറക്കാനാവില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
ലോകകപ്പിന് മുമ്പ് പാണ്ഡ്യയെ ഏകദിനങ്ങളില്‍ കളിപ്പിക്കരുത്, മുന്നറിയിപ്പിമായി രവി ശാസ്ത്രി
അന്ന് ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഞാന്‍ 21 റണ്‍സ് വഴങ്ങി. എന്നാല്‍ മറ്റേത് ക്യാപ്റ്റന്മാരായിരുന്നെങ്കിലും എനിക്ക് രണ്ടാമതൊരോവര്‍ നല്‍കാന്‍ മടിച്ചേനെ. പക്ഷെ ധോണി എന്നെക്കൊണ്ട് വീണ്ടും പന്തെറിയിപ്പിച്ചു. ആ മത്സരത്തില്‍ മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്താന്‍ എനിക്കായി.
ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, എം എസ് ധോണി, വിരാട് കോലി, ആശിഷ് നെഹ്റ എന്നീ മഹാരഥന്‍മാരെയാണ് ഞാന്‍ കണ്ടത്. ക്രിക്കറ്റിലെത്തുന്നതിന് മുമ്പെ ആരാധനയോടെ കണ്ടവരായിരുന്നു അവരെല്ലാം. അതുകൊണ്ടുതന്നെ ഞാനാകെ പരിഭ്രാന്തനായിരുന്നു. ആദ്യ ഓവറില്‍ തന്നെ 21 റണ്‍സ് വഴങ്ങിയതിന് കാരണവും മറ്റൊന്നല്ല. അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ 21 റണ്‍സ് വഴങ്ങിയ മറ്റൊരു ബൗളറും ഉണ്ടാവില്ല. ഞാന്‍ കരുതിയത് ഇനി ഞാന്‍ ബൗള്‍ ചെയ്യില്ല എന്നാണ്.
ആരും വിശ്വസിക്കാതിരുന്ന എന്നെ പിടിച്ച് ഓപ്പണറാക്കി, ഹാര്‍ദിക് പാണ്ഡ്യക്ക് നന്ദി: വൃദ്ധിമാന്‍ സാഹ
എന്നാല്‍ ധോണിയെപ്പോലൊരു ക്യാപ്റ്റന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് എന്‍റെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. അദ്ദേഹം എന്നിലര്‍പ്പിച്ച വിശ്വാസമാണ് ഇപ്പോഴത്തെ നിലയില്‍ എത്താന്‍ എന്നെ സഹായിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തി ഹാര്‍ദ്ദിക് ബൗളിംഗില്‍ തിളങ്ങിയിരുന്നു. ആദ്യ മൂന്ന് മത്സരം കഴിഞ്ഞപ്പോഴെ ധോണി തനിക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പു നല്‍കിയിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.
രാജ്യാന്തര കരിയറിലെ മൂന്നാം മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ധോണി എന്നോട് പറഞ്ഞത് നീ ലോകകപ്പ് ടീമിലുണ്ടാവുമെന്നാണ്. മൂന്നാം മത്സരം കളിച്ചപ്പോഴേക്കും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വപന് സാക്ഷാത്കരമായിരുന്നു-പാണ്ഡ്യ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!