
മുംബൈ: മുന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) ബാറ്റിംഗ് ഫോം ടീം ഇന്ത്യക്ക് തലവദേനയായിട്ട് രണ്ടരവര്‍ഷമായി. 2019നുശേഷം വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് രാജ്യാന്തര സെഞ്ചുറികളൊന്നും പിറന്നിട്ടില്ല. ഈ വർഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് നിലവിലെ ഫോമില്‍ കോലിയെ പരിഗണിക്കരുതെന്നുപോലും ആവശ്യമുയര്‍ന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം കോലിയെ സംബന്ധിച്ചും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്.
ഇതിനിടെ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന കോലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള വഴി ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആർ പി സിംഗ്. ബാറ്റിംഗ് ഫോം തിരിച്ചുപിടിക്കാന്‍ കോലി ഇനിയും സമയമെടുക്കുമെന്ന് ആര്‍ പി സിംഗ് പറഞ്ഞു. അതിനുള്ള പ്രധാന കാരണം കോലി കൂടുതലും കളിക്കുന്നത് ടി20 ക്രിക്കറ്റാണ്. ഈ ഫോര്‍മാറ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച് ഫോമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. കുറച്ച് പന്തുകള്‍ മാത്രാണ് ഒരു ബാറ്റര്‍ക്ക് ഈ ഫോര്‍മാറ്റില്‍ കളിക്കാനാകുക. എന്നാല്‍ കൂടുതല്‍ ടെസ്റ്റിലും ഏകദിനങ്ങളിലും കളിച്ച് കോലിക്ക് ഫോം തിരിച്ചുപിടിക്കാവുന്നതേയുള്ളുവെന്നും സിംഗ് ഇന്ത്യ ടിവിയോട് പറഞ്ഞു.
'കോലി, രോഹിത്, രാഹുല്‍... മൂവരേയം വിശ്വസിക്കാനാവില്ല'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ ദേവ്
ഫോമിലേക്ക് മടങ്ങണമെങ്കിൽ, 50-55 പന്തിൽ 60 സ്കോർ ചെയ്ത് തുടങ്ങാം. മോശം ഫോമിലുള്ളപ്പോള്‍ 55 പന്തിൽ 100 സ്കോർ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കരുത്. ക്രീസില്‍ സമയം ചെലവഴിച്ച് ഒന്നും രണ്ടും റണ്ണുകള്‍ ഓടി താളം കണ്ടെത്തണം. ഏറെക്കാലാം ബാറ്റിംഗ് കൊണ്ട് ആരാധകരെ അമ്പരപ്പിച്ച കോലി ഇപ്പോള്‍ പന്ത് ബാറ്റിൽ തൊടുമ്പോഴെല്ലാം പുറത്താകുമോ എന്നാണ് ഭയക്കുന്നത്. ഫോമിലേക്ക് മടങ്ങിയെത്താന്‍ ശരിയായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്, പക്ഷേ അദ്ദേഹം തെരഞ്ഞെടുത്ത ഫോർമാറ്റ് തെറ്റാണെന്നും ആര്‍ പി സിംഗ് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് മത്സരത്തില്‍ ആര് ജയിക്കും? പ്രവചനവുമായി ഷൊയ്ബ് അക്തര്‍
ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി രണ്ട് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 341 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇനി കോലി കളിക്കുക. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യിലുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!