
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റണ്‍സിന് കീഴടക്കി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഈഡൻ ഗാര്‍ഡൻസില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 238 റണ്‍സായിരുന്നു ലക്നൗ നേടിയത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ പോരാട്ടം 234 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
സുനില്‍ നരെയ്‌ൻ, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ മികവിനെ മറികടന്നായിരുന്നു ലക്നൗവിന്റെ ജയം. എന്നാല്‍, ലക്നൗ നായകൻ റിഷഭ് പന്തിനെതിരെ ഗുരുതരമായൊരു ആരോപണവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
12 ഓവറില്‍ 149-2 എന്ന ശക്തമായ നിലയില്‍ കൊല്‍ക്കത്ത ബാറ്റ് ചെയ്യവെ റിഷഭ് പന്തിന് വൈദ്യസഹായം ആവശ്യമായി വന്നു. രഹാനെയും വെങ്കടേഷും മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു സംഭവം. ഇതോടെ മത്സരത്തിനിടയില്‍ ചെറിയ ഇടവേളയുമുണ്ടായി.
പന്തിന് വൈദ്യസഹായം ലഭിച്ചതിന് ശേഷമുള്ള ഓവറുകളില്‍ കൊല്‍ക്കത്തയ്ക്ക് രഹാനേയും വെങ്കടേഷിനേയും നഷ്ടമായി. പിന്നാലെയെത്തിയ രമണ്‍ദീപ്, അംഗ്രിഷ് രഘുവൻശി, ആന്ദ്രെ റസല്‍ എന്നിവരും തുടര്‍ച്ചയായ ഓവറുകളില്‍ കൂടാരം കയറി.
കൊല്‍ക്കത്ത ബാറ്റര്‍മാരുടെ ഒഴുക്ക് നഷ്ടമാക്കുന്നതിനായി പന്ത് മനപ്പൂര്‍വം വൈദ്യസഹായം ആവശ്യപ്പെട്ടതായാണ് സമൂഹമാധ്യമങ്ങളിലെ ഒരുകൂട്ടത്തിന്റെ വാദം. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുക്കെ പന്ത് സമാനമായി വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി താരതമ്യം നടത്തിയാണ് ഇപ്പോഴത്തെ ചര്‍ച്ച. ഫൈനലില്‍ ഈ ഇടവേളയ്ക്ക് ശേഷമായിരുന്നു ഹെൻറിച്ച് ക്ലാസന്റെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായതും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നതും.
ഫൈനലില്‍ താൻ പരുക്ക് അഭിനയിക്കുകയായിരുന്നെന്ന് പന്ത് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എല്ലായ്പ്പോഴും ഇത്തരം തന്ത്രങ്ങള്‍ ഫലിക്കണമെന്നില്ലെന്നും ചിലപ്പോഴൊക്കെ ഫലം കാണുമെന്നും പന്ത് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!