
ലണ്ടന്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിച്ച ഡ്യൂക്‌സ് പന്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പന്തുകളുടെ നിര്‍മാതാവ് ദിലീപ് ജജോഡിയ. മത്സരത്തിനിടെ പന്ത് പെട്ടെന്ന് ആകൃതി മാറിയതില്‍ ഇന്ത്യന്‍ താരങ്ങള്‍ അസന്തുഷ്ടരായിരുന്നു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ 10 ഓവറിനിടെ രണ്ടു തവണ പന്ത് മാറ്റിയത് വിവാദങ്ങള്‍ക്ക് വഴി വച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തു.
ഈ സാഹചര്യം പന്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തി. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡും ഗുണനിലവാരം ചോദ്യം ചെയ്തിരുന്നു. പിടിഐയോട് സംസാരിക്കുന്നിനിടെ ജജോഡിയ തന്റെ ഉല്‍പ്പന്നത്തെ ന്യായീകരിച്ചു. അദ്ദേഹം പറയുന്നതിങ്ങനെ... ''ലോക ക്രിക്കറ്റില്‍ മൂന്ന് അംഗീകൃത നിര്‍മ്മാതാക്കള്‍ മാത്രമേയുള്ളൂ. ഡ്യൂക്‌സ്, എസ്ജി, കൂക്കബുറ. ഒരു ക്രിക്കറ്റ് പന്ത് നിര്‍മിക്കുന്നത് എളുപ്പമല്ല. അങ്ങനെയാണെങ്കില്‍, ലോകമെമ്പാടും നൂറുകണക്കിന് നിര്‍മാതാക്കള്‍ ഉണ്ടാകുമായിരുന്നു.'' അദ്ദേഹം പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ‘’എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അത് ഞങ്ങള്‍ അവലോകനം ചെയ്യുകയും അത് ലെതറിന്റെ പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും തകരാറാണോ എന്ന് തിരിച്ചറിയുകയും ചെയ്യും. പക്ഷേ ആളുകള്‍ വിമര്‍ശനങ്ങളില്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥ, ആധുനിക കളിരീതികള്‍, ശക്തമായ ബാറ്റുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പന്തിന്റെ മാറ്റത്തിന് കാരണമാകും.'' അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ പേര് പരാമര്‍ശിച്ചും അദ്ദേഹം മറുപടി പറയുന്നുണ്ട്. ''സത്യം പറഞ്ഞാല്‍, പന്ത് 80 ഓവറുകള്‍ നീണ്ടുനില്‍ക്കുന്നത് ഒരു അത്ഭുതമാണ്. ഏറ്റവും ആദരവോടെ പറയട്ടെ, ഇന്ത്യ അവസാന മത്സരം ജയിച്ചു. അവരുടെ ക്യാപ്റ്റന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. രണ്ട് ബൗളര്‍മാര്‍ വീതം ആറ് വിക്കറ്റുകള്‍ വീഴ്ത്തി. അതെങ്കിലും ഓര്‍ക്കണം. എങ്കിലും, മത്സരത്തിനിടെയുണ്ടായ അസൗകര്യത്തില്‍ ഞാന്‍ ഖേദിക്കുന്നു.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ കെ എല്‍ രാഹുലും 19 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!