ലോര്‍ഡ്‌സ് ടെസ്റ്റ് ഇന്ത്യക്ക് അനുകൂലമാക്കേണ്ടത് ആ താരം; വലിയ പ്രതീക്ഷയെന്ന് ആകാശ് ചോപ്ര

By Web TeamFirst Published Aug 15, 2021, 11:26 AM IST
Highlights

ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ 27 റണ്‍സ് ഒന്നാം ഇന്നിംഗ്‍സ് ലീഡ് പിന്തുടര്‍ന്ന് ഇന്ത്യ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങും. 

ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ശ്രദ്ധേയമായത് ജോ റൂട്ടിന്‍റെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സാണ്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നയിച്ച റൂട്ട് 180 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം ദിനമായ ഇന്ന് ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങുമ്പോള്‍ നായകന്‍ വിരാട് കോലി, റൂട്ടിന്‍റെ പ്രകടനം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 

'എന്താണോ ജോ റൂട്ട് ചെയ്തത് അത് വിരാട് കോലി ഇന്നാവര്‍ത്തിക്കേണ്ടതുണ്ട്. വിരാട് കോലിയുടെ നല്ല ദിനവും അഗ്രസീവായ ഇന്നിംഗ്‌സുമാണ് പ്രതീക്ഷിക്കുന്നത്. സെഞ്ചുറിയല്ല, 60-70 റണ്‍സ്, ഈ മത്സരത്തിന്‍റെ ഗതി ഇന്ത്യക്ക് അനുകൂലമായി മാറ്റുന്ന പ്രകടനം. എതിരാളികളെ ആക്രമിച്ച് കോലി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയില്‍ ഏറെ വിശ്വാസമുണ്ട്' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. 

ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ 27 റണ്‍സ് ഒന്നാം ഇന്നിംഗ്‍സ് ലീഡ് പിന്തുടര്‍ന്ന് ഇന്ത്യ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങും. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 364 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 128 ഓവറില്‍ 391 റണ്‍സെടുത്ത് പുറത്തായതോടെ മൂന്നാം ദിനം സ്റ്റംപെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി ജോ റൂട്ട് 180 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇശാന്ത് ശർമ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പ്രായം തളർത്താത്ത അഞ്ച് വിക്കറ്റ് പ്രകടവുമായി പേസർ ജയിംസ് ആന്‍ഡേഴ്സണ്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ ഓപ്പണർമാരായ കെ എല്‍ രാഹുലിന്‍റെയും(129), രോഹിത് ശർമ്മയുടേയും(83) കരുത്തില്‍ ഇന്ത്യ 126.1 ഓവറില്‍ 10 വിക്കറ്റിന് 364 റണ്‍സ് നേടി. നായകന്‍ വിരാട് കോലിയും(42), ഓള്‍റൌണ്ടർ രവീന്ദ്ര ജഡേജയും(40), വിക്കറ്റ് കീപ്പർ റിഷഭ് പന്തും(37) ആണ് മറ്റുയർന്ന സ്‍കോറുകാർ. ബാറ്റിംഗ് മതിലുകളായ പൂജാര(9), രഹാനെ(1) എന്നിവർ നിറംമങ്ങി. 

ആരാവണം പൂജാരയുടെ പകരക്കാരന്‍; പേരുമായി ബട്ട്, ഒപ്പം ശ്രദ്ധേയ നിരീക്ഷണവും

ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം

'ഇന്ത്യന്‍ താരമാ'! മൈതാനത്തിറങ്ങിയത് പൊക്കിയപ്പോള്‍ ബിസിസിഐ ലോഗോ കാട്ടി കാണി; ലോർഡ്സില്‍ കൂട്ടച്ചിരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!