സമീപകാലത്തെ മോശം പ്രകടനങ്ങളെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം പ്രതിസന്ധിയിലാണ്. 

ഇസ്ലാമാബാദ്: സമീപകാലത്തായി എല്ലാ ഫോര്‍മാറ്റുകളിലും മോശം ഫോമിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. സ്വന്തം മണ്ണില്‍ നടന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ പുറത്തായത്. 2011-ന് ശേഷം ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാന്‍ പോലും ടീമിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തന്നെ എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങി. എങ്ങനെയങ്കിലും പ്രതാപകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ്.

സിംബാബ്‍വെ പരമ്പര ചര്‍ച്ചയില്‍

ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയ്ക്കുള്ള ചര്‍ച്ചകളിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പരമ്പര പിഎസ്എല്‍ കാരണം മാറ്റിവെച്ചിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഈ പരമ്പര നടന്നേക്കും. 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് പാകിസ്ഥാന്‍ ഈ മത്സരങ്ങളെ കാണുന്നത്.

ബാബര്‍ അസം ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ ലോകകപ്പ് ടീമിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. അതിന് മുന്നോടിയായി സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കും. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൈതാനത്തെ പ്രകടനം ആരാധകരെ നിരാശരാക്കുകയാണ്.

ബംഗ്ലാദേശിനെതിരെ തോല്‍വി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് ദയനീയ തോല്‍വിയാണുണ്ടായത്. യുവതാരങ്ങളുമായി കളത്തിലിറങ്ങിയ പാകിസ്ഥാനെ എട്ട് വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ തകര്‍ത്തുവിട്ടത്. ഷഹീന്‍ ഷാ അഫ്രീദി നയിച്ച പാകിസ്ഥാന്‍ നിര വെറും 114 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനോട് തോല്‍ക്കുന്നത്. നാളെ നടക്കുന്ന രണ്ടാം ഏകദിനം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണ്. ഇതിലും പരാജയപ്പെട്ടാല്‍ 2015-ന് ശേഷം ആദ്യമായി ബംഗ്ലാദേശിനോട് ഒരു ഏകദിന പരമ്പര തോല്‍ക്കുക എന്ന നാണക്കേടിലേക്ക് പാകിസ്ഥാന്‍ വീഴും.

YouTube video player