
കാന്‍റർബറി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്ന് കരുണ്‍ നായരുടെ ഫോം. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ എയ്‌ക്കായി കരുണ്‍ നായര്‍ 150 റണ്‍സ് പിന്നിട്ട് കുതിക്കുകയാണ്. കരുണ്‍ നായര്‍ക്ക് പുറമെ സര്‍ഫറാസ് ഖാന്‍ ഫിഫ്റ്റിയും കണ്ടെത്തി. ടെസ്റ്റ് ടീമിലിടമില്ലാത്ത താരമായ സര്‍ഫറാസിന് തലനാരിഴയ്ക്കാണ് അര്‍ഹമായ സെഞ്ചുറി നഷ്ടമായത്. ഒന്നാം ദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 78 ഓവറില്‍ 329-3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ എ. കരുണ്‍ നായര്‍ 215 പന്തില്‍ 156* ഉം, ധ്രുവ് ജൂരെല്‍ 63 പന്തില്‍ 43* റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു.
സെന്‍റ് ലോറന്‍സ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാം ഓവറില്‍ ക്യാപ്റ്റനും ഓപ്പണറുമായ അഭിമന്യൂ ഈശ്വരന്‍ പുറത്തായി. 17 പന്തുകളില്‍ 8 റണ്‍സ് നേടിയ അഭിമന്യൂവിനെ ജോഷ് ഹള്‍ എല്‍ബിയില്‍ മടക്കുകയായിരുന്നു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. 55 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ എഡ്ഡീ ജാക്ക് 17-ാം ഓവറില്‍ പറഞ്ഞയച്ചു. എന്നാല്‍ ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ 181 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച് കരുണ്‍ നായരും സര്‍ഫറാസ് ഖാനും ഇന്ത്യ എയെ കരകയറ്റി. സെഞ്ചുറിക്കരികെ സര്‍ഫറാസിന്‍റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി. 119 പന്തില്‍ ഏകദിന ശൈലിയില്‍ 92 റണ്‍സെടുത്ത സര്‍ഫറാസിന്‍റെ വിക്കറ്റും ജോഷ് ഹള്ളിനായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ എ ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്ട്. ധ്രുവ് ജൂരെലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.
ഇന്ത്യ എ: അഭിമന്യൂ ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം