
അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് മുംബൈ ഇന്ത്യൻസ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കോച്ച് മഹേല ജയവര്‍ധനെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാലിലെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ പരിക്ക് സാരമുള്ളതല്ലെന്ന് കോച്ച് പറഞ്ഞു.
എനിക്കറിയാവുന്നിടത്തോളം സൂര്യയുടെ പരിക്ക് അത്ര ഗൗരവമുള്ളതല്ല, ഫിസിയോയും പരിക്കിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ ഒറ്റക്കാലില്‍ ബാറ്റ് ചെയ്യേണ്ടിവന്നാലും സൂര്യകുമാര്‍ യാദവ് കളിക്കും, അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ജയവര്‍ധനെ പറഞ്ഞു.
ഐപിഎല്ലില്‍ മുംബൈ ബാറ്റിംഗിന്‍റെ നെടുന്തൂണാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും 25 റണ്‍സില്‍ താഴെ പുറത്താവാതിരുന്ന സൂര്യകുമാര്‍ യാദവ് 15 മത്സരങ്ങളില്‍ 67.30 ശരാശരിയില്‍ 673 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്കോററായിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സായ് സുദര്‍ശനെ(759) മറികടക്കാനും ഇന്ന് സൂര്യകുമാറിന് അവസരമുണ്ട്. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ 87 റണ്‍സ് കൂടി നേടിയാല്‍ സൂര്യകുമാറിന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാം.
എലിമിനേറ്ററിലെ ആവേശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ മറികടന്നാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 228 റണ്‍സെടുത്തപ്പോള്‍ ഗുജറാത്തിന് 20 ഓവറില്‍ 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഈ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായിരുന്നു.ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക