
ഹൈദരാബാദ്: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിലൂടെ സമാധാന ആഹ്വാനം നടത്തിയ മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡുവിന് രൂക്ഷ വിമര്‍ശനം. ഐപിഎല്ലില്‍ ധരംശാലയില്‍ ഇന്നലെ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് റായുഡു സമൂഹമാധ്യമങ്ങളില്‍ സമാധാന ആഹ്വാനം നടത്തിയത്.
കണ്ണിന് പകരം കണ്ണെന്ന നിലപാട് ലോകത്തെ മുഴുവന്‍ ഇരുട്ടിലാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാചകങ്ങള്‍ കടമെടുത്തായിരുന്നു റായുഡുവിന്‍റെ ആദ്യ എക്സ് പോസ്റ്റ്.
ഇതിന് താഴെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മണിക്കൂറുകൾക്ക് ശേഷം ഇതിന്‍റെ വിശദീകരണം റായുഡു പോസ്റ്റ് ചെയ്തു. കണ്ണിന് പകരം കണ്ണെന്ന നിലപാട് ലോകത്തെ മുഴുവന്‍ ഇരുട്ടിലാക്കും, തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തത് കൊണ്ടല്ല ഇത് പറയുന്നത്, തിരിച്ചറിവുകൊണ്ടാണ്. നീതി നടപ്പിലാകുമ്പോഴും മാനവികത ഉയര്‍ത്തിപ്പിടിക്കണം. നമ്മുടെ രാജ്യത്തെ നമുക്ക് പരിധിയില്ലാതെ സ്നേഹിക്കാം, അപ്പോഴും ഹൃദയത്തില്‍ സഹാനുഭൂതി ഉണ്ടാകണം. രാജ്യസ്നേഹവും സമാധാനവും നമ്മുടെ രണ്ട് കൈകളാണെന്നായിരുന്നു റായുഡുവിന്‍റെ ആദ്യ എക്സ് പോസ്റ്റ്. ഇതിന് പിന്നാലെയാണ് റായഡുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബറാക്രമണം നടന്നത്.
പാക് ആക്രമണം നടന്ന ജമ്മു കശ്മീരിലും പഞ്ചാബിലും അതിര്‍ത്തിയിലെ മറ്റ് സ്ഥലങ്ങളിലും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ആക്രമണം ബാധിച്ചവര്‍ക്ക് അത് മറികടക്കാന്‍ എല്ലാ ശക്തിയും സുരക്ഷയും വേഗത്തിലുള്ള പരിഹാരവും പ്രതീക്ഷിക്കുന്നുവെന്നും പിന്നാലെ മറ്റൊരു പോസ്റ്റില്‍ റായുഡു കുറിച്ചു.
ഈ രണ്ട് പോസ്റ്റുകള്‍ക്കപം രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ മറ്റൊരു വിശദീകരണ പോസ്റ്റ് കൂടി റായുഡു പോസ്റ്റ് ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ഭയത്തിലല്ല, ദൃഢനിശ്ചയത്തിലാണെന്ന് റായുഡു പറഞ്ഞു. സമാനതകളില്ലാത്ത നിസ്വാര്‍ത്ഥതയോടും അച്ചടക്കത്തോടും ധീരതയോടും ഒരു രാജ്യത്തിന്‍റെ ഭാരം ചുമക്കുന്ന യഥാര്‍ത്ഥ ഹീറോകളായ നമ്മുടെ ധീര സൈനികരോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. നിങ്ങളുടെ ത്യാഗം ശ്രദ്ധിക്കപ്പെടാതെ പോവില്ല. കാരണം, നിങ്ങളുടെ ധീരതയാണ് ത്രിവര്‍ണപതാക ഉയരെ പാറിക്കുന്നതും രാജ്യത്തിന്‍റെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതും. നിങ്ങളുടെ കരുത്താണ് ഞങ്ങളുടെ സുരക്ഷിതത്വം. നിങ്ങളുടെ സേവനം കൂടുതല്‍ സമാധാനപൂര്‍വമായ നാളെക്ക് വഴിയൊരുക്കട്ടെ എന്ന് റായുഡു കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക