
കറാച്ചി: ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ വിക്കറ്റ് മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്‌വാന്‍ പങ്കിടുന്നത്. നേട്ടം പാകിസ്ഥാന്‍ ക്യാപ്റ്റനും സഹതാരവുമായ ബാബര്‍ അസമിനൊപ്പമാണ് റിസ്‌വാന്‍ പങ്കിടുന്നത്. 52-ാം ഇന്നിംഗ്‌സിലാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 68 റണ്‍സെടുത്താണ് റിസ്‌വാന്‍ പുറത്തായത്.
ഇക്കാര്യത്തില്‍ 56 ഇന്നിങ്‌സില്‍ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് മൂന്നാമത്. നാലാമന്‍ ഇന്ത്യയുടെ തന്നെ കെ എല്‍ രാഹുലാണ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലാണ് രാഹുലും നാഴികക്കല്ല് മറികടന്നത്. രാഹുലിന് 2000ത്തിലെത്താന്‍ 58 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് അഞ്ചാമന്‍. ഫിഞ്ച് 62-ാം ഇന്നിംഗ്‌സിലാണ് 2000 പിന്നിട്ടത്.
ഓസീസിന്‍റെ 'ചെണ്ട'യായി ഭുവിയും ഹര്‍ഷലും ചാഹലും, ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു; കളി കൈവിട്ട് ഇന്ത്യ
ഓസ്ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്ത് നേരിട്ട താരം 55 റണ്‍സെടുത്തു. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. സ്ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു. 157.14 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തമാക്കി. മൂന്ന് ഫിഫ്റ്റികളാണ് രാഹുലിന്റെ അക്കൗണ്ടില്‍. രണ്ട് വീതം നേടിയിട്ടുള്ള രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരെയാണ് രാഹുല്‍ പിന്തള്ളിയത്. 18-ാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇതോടെ വിമര്‍ശകരുടെ വായടപ്പിക്കാനും രാഹുലിന് സാധിച്ചു.
അതേസമയം, മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കററ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.