'മാഞ്ചസ്റ്ററില്‍ ബുമ്ര കളിക്കേണ്ട കാര്യമില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് താരം

Published : Jul 18, 2025, 10:31 PM IST
Jasprit Bumrah

Synopsis

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബുമ്ര കളിക്കാതിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് ഇംഗ്ലണ്ടിന്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജസ്പ്രിത് ബുമ്ര കളിക്കുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ബുമ്ര കളിക്കാതെ ഇരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് ഇംഗ്ലണ്ടിന്റെ മുന്‍താരം ഡേവിഡ് ലോയ്ഡ് പറയുന്നു. ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഒന്നാം നന്പര്‍ ബൗളറാണ് ജസ്പ്രീത് ബുമ്ര. ബാറ്റര്‍മാരുടെ എറ്റവും വലിയ വെല്ലുവിളി. ഇന്ത്യന്‍ ടീമിലെ ഒന്നാംനന്പര്‍ പേസറാണെങ്കിലും ബുമ്ര എല്ലാ മത്സരത്തിലും കളിക്കാറില്ല. പരിക്ക് പറ്റാതിരിക്കാനുള്ള മുന്‍കരുതലായാണ് ബുമ്രയ്ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കുന്നത്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ മൂന്നില്‍ മാത്രമേ ബുമ്ര കളിക്കൂയെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിച്ചിരുന്നില്ല. മാഞ്ചസ്റ്ററില്‍ ബുധനാഴ്ച തുടങ്ങുന്ന നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുമ്ര കളിക്കുമോയെന്നാണ് ആകാംക്ഷ. ഇക്കാര്യത്തില്‍ ബുമ്രയോ ഇന്ത്യന്‍ ടീം മാനേജ്‌മെന്റോ സൂചനകളൊന്നും നല്‍കിയിട്ടില്ല. മാഞ്ചസ്റ്ററില്‍ ബുമ്രയെ കളിപ്പിക്കാതിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് ഇംഗ്ലണ്ടിന്റെ മുന്‍താരം ഡേവിഡ് ലോയ്ഡ് പറയുന്നു.

നാലാം ടെസ്റ്റില്‍ ബുമ്ര കളിക്കുകയും, ഇന്ത്യ ജയിക്കുകയും ചെയ്താല്‍ പരമ്പര സ്വന്തമാക്കാന്‍ അവസാന ടെസ്റ്റിലും ഇന്ത്യക്ക് ബുമ്രയെ കളിപ്പിക്കേണ്ടിവരും. ഇതിനാല്‍ മാഞ്ചസ്റ്ററില്‍ ബുംറയ്ക്ക് വിശ്രമം നല്‍കുന്നതാണ് നല്ലത്. മാത്രമല്ല ബുമ്ര കളിക്കാതിരിക്കുന്ന മത്സരങ്ങളിലാണ് ഇന്ത്യ കൂടുതല്‍ ജയിക്കുന്നതെന്നും എഡ്ജ്ബാസ്റ്റണിലെ ജയം ഇത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയെന്നും ഡേവിഡ് ലോയ്ഡ് പറഞ്ഞു. ബുമ്രയ്ക്ക് വിശ്രമം നല്‍കിയ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ചരിത്രവിജയം ആകാശ് ദീപിന്റെ പത്ത് വിക്കറ്റ് മികവിലായിരുന്നു.

ടെസ്റ്റില്‍ 2018ലാണ് ബുമ്രയുടെ അരങ്ങേറ്റം. ഇതിന് ശേഷം 47 ടെസ്റ്റുകളില്‍ ബുമ്ര പന്തെറിഞ്ഞു. ഇതില്‍ ഇന്ത്യ 20 ടെസ്റ്റില്‍ ജയിച്ചപ്പോള്‍, 23ലും തോറ്റു. നാല് സമനില. ഇക്കാലയളവില്‍ ബുമ്രയ്ക്ക് 27 ടെസ്റ്റുകള്‍ നഷ്ടമായി. ഇതില്‍ 19ലും ഇന്ത്യ ജയിച്ചു. മൂന്ന് സമനില. ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യ തോറ്റത് വെറും അഞ്ച് ടെസ്റ്റില്‍ മാത്രം. ഈ കണക്കുകള്‍ നിരത്തിയാണ് ബുമ്ര മാഞ്ചസ്റ്റില്‍ കളിക്കാതിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് ഡേവിഡ് ലോയ്ഡ് അഭിപ്രായപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്