
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ പ്രതിസന്ധിയിലായതിന് പിന്നാലെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. റുതുരാജ് ഗെയ്ക്‌വാദിന് പകരം മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ക്യാപ്റ്റനായി പ്രഖ്യാപിക്കണമെന്ന് ക്രിക്ബസ്സിലെ ചർച്ചയിൽ വ്യക്തമാക്കി.
സഞ്ജുവിനെ ചെന്നൈ കൊണ്ടുവന്നത് വെറുമൊരു ബാറ്ററായിട്ടല്ല, നായകനായി തന്നെയാണെന്നും മനോജ് തിവാരി വ്യക്തമാക്കി. എം.എസ് ധോണിയുടെ പിൻഗാമിയായി രണ്ട് സീസൺ മുൻപാണ് റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. എന്നാൽ ഈ സീസണിൽ സഞ്ജു സാംസൺ ചെന്നൈ ടീമിലേക്ക് എത്തിയതോടെ റുതുരാജിന്റെ നായകസ്ഥാനത്തിന് മേൽ സമ്മർദ്ദമേറിയിരിക്കുകയാണ്. അടുത്ത സീസണിൽ റുതുരാജ് ഗെയ്ക്‌വാദ് തന്നെ ചെന്നൈയുടെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ വലിയൊരു ചോദ്യചിഹ്നമുണ്ട്. കാരണം സഞ്ജു സാംസൺ ഇപ്പോൾ സിഎസ്‌കെ നായകസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ചെന്നൈ സഞ്ജുവിനെ ടീമിലേക്ക് എടുത്തത് വെറുമൊരു ബാറ്ററായിട്ടല്ല, ഒരു ലീഡർ എന്ന നിലയിൽ തന്നെയാണ്. അടുത്ത വർഷം സഞ്ജു ചെന്നൈയുടെ പുതിയ ക്യാപ്റ്റനാകാൻ സാധ്യതയുണ്ട്, അത് ശരിയായ തീരുമാനവുമായിരിക്കുമെന്നും തിവാരി പറഞ്ഞു.
എം.എസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവർക്ക് ശേഷം ചെന്നൈയെ നയിക്കുന്ന നാലാമത്തെ താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. എന്നാൽ നായകനെന്ന നിലയിൽ വലിയൊരു ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ റുതുരാജിന് കീഴിൽ 32 മത്സരങ്ങൾ കളിച്ച ചെന്നൈ 14 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്; 18 മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും 21 പന്തിൽ 15 റൺസെടുത്ത റുതുരാജിന്‍റെ ബാറ്റിംഗും വിമര്‍ശിക്കപ്പെട്ടിരുന്നു. ധോണിയുടെ പകരക്കാരനാവുക എന്ന സമ്മർദ്ദം റുതുരാജിന്റെ ബാറ്റിംഗിനെയും നായകത്വത്തെയും ബാധിച്ചതായി തിവാരി ചൂണ്ടിക്കാട്ടി. ഈ സീസണിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ചെന്നൈ മാനേജ്‌മെന്റ് പുതിയൊരു ക്യാപ്റ്റനെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്.
രാജസ്ഥാൻ റോയൽസിനെ ദീർഘകാലം വിജയകരമായി നയിക്കുകയും 2022-ൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത പരിചയസമ്പത്താണ് സഞ്ജുവിനെ ചെന്നൈയുടെ നായകസ്ഥാനത്തേക്ക് കൂടുതൽ യോഗ്യനാക്കുന്നത്. സമ്മർദ്ദഘട്ടങ്ങളെ ശാന്തമായി നേരിടാനുള്ള സഞ്ജുവിന്‍റെ കഴിവും അദ്ദേഹത്തിന്‍റെ മികച്ച ബാറ്റിംഗ് ഫോമും ചെന്നൈക്ക് വലിയ മുതൽക്കൂട്ടാകും. സിഎസ്‌കെയിൽ ധോണിയുടെ റെക്കോർഡ് പോലും തകർത്ത് മിന്നും ഫോമിലാണ് സഞ്ജു ഇപ്പോൾ മുന്നേറുന്നത്. ഈ സീസണിൽ ചെന്നൈ എവിടെ ഫിനിഷ് ചെയ്താലും ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ചെന്നൈക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും തിവാരി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രി ചേപ്പോക്കിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 5 വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായത്. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!