ഐസിസി ഏകദിന റാങ്കിംഗ്: വിരാട് കോലിക്ക് വന്‍നേട്ടം; സിറാജ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനം

By Web TeamFirst Published Jan 18, 2023, 12:14 PM IST
Highlights

പരമ്പരയില്‍ രണ്ട് സെഞ്ചുറികളാണ് കോലി നേടിയത്. ആദ്യ മത്സരത്തില്‍ 87 പന്തില്‍ 113 റണ്‍സാണ് കോലി നേടിയത്. രണ്ടാം മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായി. മൂന്നാം ഏകദിനത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സും കോലി നേടി.

ദുബായ്: പുതുക്കിയ ഐസിസി ഏകദിന റാങ്കിംഗില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും പേസര്‍ മുഹമ്മദ് സിറാജിനും മുന്നേറ്റം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമുണ്ടാക്കികൊടുത്തത്. ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാമതാണ് കോലി. സിറാജ് കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നിലെത്തി. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു.

പരമ്പരയില്‍ രണ്ട് സെഞ്ചുറികളാണ് കോലി നേടിയത്. ആദ്യ മത്സരത്തില്‍ 87 പന്തില്‍ 113 റണ്‍സാണ് കോലി നേടിയത്. രണ്ടാം മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായി. മൂന്നാം ഏകദിനത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സും കോലി നേടി. 750 റേറ്റിംഗ് പോയിന്റാണ് കോലിക്കുള്ളത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും നേട്ടമുണ്ടാക്കി. 26-ാം സ്ഥാനത്താണ് ഗില്‍. ലങ്കയ്‌ക്കെതിരെ 70, 21, 116 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്താണ്. ശ്രേയസ് അയ്യര്‍ 15-ാം റാങ്കിലാണ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

സിറാജ് മൂന്ന് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് നേടിയിരുന്നു. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് മൂന്നാമതെത്തിയത്. 685 റേറ്റിംഗ് പോയിന്റാണ് സിറാജിനുള്ളത്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ താരത്തിന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് (730) ഒന്നാമത്. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് (727) രണ്ടാം സ്ഥാനത്തുണ്ട്. കുല്‍ദീപ് യാദവ് ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21ലെത്തി.

ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗ്: ബാബര്‍ അസം (887), റാസി വാന്‍ ഡര്‍ ഡസ്സന്‍ (766), ക്വിന്റണ്‍ ഡി കോക്ക് (759) വിരാട് കോലി (750), ഡേവിഡ് വാര്‍ണര്‍ (747), ഇമാം ഉള്‍ ഹഖ് (740), കെയ്ന്‍ വില്യംസണ്‍ (721), സ്റ്റീവ് സ്മിത്ത് (710), രോഹിത് ശര്‍മ (704). 

ബൗളര്‍മാുടെ റാങ്കിംഗ്: ട്രന്റ് ബോള്‍ട്ട് (730), ജോഷ് ഹേസല്‍വുഡ് (727), മുഹമ്മദ് സിറാജ് (685), മിച്ചല്‍ സ്റ്റാര്‍ക്ക് (665), റാഷിദ് ഖാന്‍ (659), ആഡം സാംപ (655), ഷാക്കിബ് അല്‍ ഹസന്‍ (652), മാറ്റ് ഹെന്റി (643), ഷഹീന്‍ അഫ്രീദി (641), മുസ്തഫിസുര്‍ റഹ്മാന്‍ (638).

click me!