
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിനം 224-6 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സോടെ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും ഒമ്പത് റണ്‍സോടെ വൈശാഖ് ചന്ദ്രനും ക്രീസില്‍. സച്ചിന്‍ ബേബിയുടെയും ജലജ് സക്സേനയുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്.
രണ്ടാം ദിനം കരുതലോടെ തുടങ്ങിയ സച്ചിന്‍ ബേബിയും ജലജ് സക്സേനയും ചേര്‍ന്ന് കേരളത്തെ 250 കടത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 141 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ പുറത്താക്കിയ ശ്രേയസ് ഗോപാല്‍ ആണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സച്ചിന്‍-ജലജ് സഖ്യം ഏഴാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. സച്ചിന്‍ പുറത്തായശേഷം സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് പൊരുതിയ ജലജ് സക്സേന കേരളത്തെ 299ല്‍ എത്തിച്ചു. ജലജ് സക്സേനയെ(57) പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം തികച്ച കൗശിക് ആണ് കേരളത്തിന് ഇന്ന് രണ്ടാമത്തെ തിരിച്ചടി നല്‍കിയത്.
ജലജ് സക്സേന പുറത്തായശേഷം ക്രീസിലെത്തിയ വൈശാഖ് ചന്ദ്രന്‍ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിന് മികച്ച പിന്തുണ നല്‍കിയതോടെ കേരളം 300 കടന്നു. ആദ്യ ദിനം സച്ചിന്‍ ബേബിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കരുത്തിലാണ് കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. തുടക്കത്തില്‍ 6-3 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും(46), ചേര്‍ന്നാണ് കരകയറ്റിയത്. കര്‍ണാടകക്കായി വി കൗശിക്ക് അഞ്ചും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.