
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിലവിലെ പ്രകടനം ജസ്പ്രിത് ബുമ്രയേക്കാള്‍ മാരകമാണെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 2026 ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലുള്ള വരുണിന് അര്‍ഹിച്ച പരിഗണനയോ പ്രശംസയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. നെതര്‍ലന്‍ഡ്സിനെതിരെ 3 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍.
വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളില്‍, വരുണ്‍ 30 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുമ്രയ്ക്ക് നേടാനായത് 22 വിക്കറ്റുകള്‍ മാത്രമാണ്. ബാറ്റര്‍മാര്‍ക്ക് വരുണിനെ കണക്കുകൂട്ടാന്‍ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്ന് ശ്രീകാന്ത് നിരീക്ഷിക്കുന്നു. ''പന്തിന്റെ വേഗതയിലും ലെങ്തിലും വരുണ്‍ വരുത്തുന്ന മാറ്റങ്ങള്‍ അവിശ്വസനീയമാണ്. അത് ഗൂഗ്ലിയാണോ, സ്‌ട്രൈറ്റ് ബോളാണോ എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ഓഫ് സ്റ്റമ്പിലും മിഡില്‍ സ്റ്റമ്പിലും കൃത്യതയോടെ പന്തെറിയുന്ന അദ്ദേഹം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ബുമ്ര മികച്ച ബൗളറാണ് എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ നിലവില്‍ വരുണ്‍ ചെയ്യുന്ന കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.'' ശ്രീകാന്ത് വ്യക്തമാക്കി.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ശിവം ദുബെ മികച്ച പ്രകടനം നടത്തിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയെ ആ പുരസ്‌കാരത്തിനായി ആരും പരിഗണിക്കാത്തതില്‍ ശ്രീകാന്ത് അതൃപ്തി രേഖപ്പെടുത്തി. മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റിയത് വരുണാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
2024-25 കാലഘട്ടത്തില്‍ 27 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ഒരു മോഡേണ്‍ ഡേ ഗ്രേറ്റ് ആണെന്ന് ശ്രീകാന്ത് വിശേഷിപ്പിച്ചു. ''തമിഴ്നാട്ടുകാരനായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, മറിച്ച് അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ചാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുമ്ര എങ്ങനെയായിരുന്നോ, അതുപോലെയാണ് ഇപ്പോള്‍ വരുണ്‍. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആകാന്‍ ഏറ്റവും സാധ്യതയുള്ള താരം വരുണാണ്.'' ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!