
മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിന്റെ പ്രകടനത്തിന് പിന്നാലെ, അവര്‍ക്ക് കൂടുതല്‍ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓരോ ലോകകപ്പ് വരുമ്പോഴും നേപ്പാളിനെപ്പോലുള്ള ടീമുകളെ വെറും അതിഥികളായി കണ്ട് കയ്യടിക്കുന്നത് അവസാനിപ്പിക്കണമെന്നും, അവര്‍ക്ക് കൂടുതല്‍ ഉഭയകക്ഷി പരമ്പരകളും ടൂര്‍ണമെന്റുകളും കളിക്കാന്‍ ഐസിസി അവസരമൊരുക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് വെറും നാല് റണ്‍സിനാണ് നേപ്പാള്‍ പരാജയപ്പെട്ടത്.
ഇതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. ചോപ്രയുടെ വാക്കുകള്‍... ''അസോസിയേറ്റ് ടീമുകള്‍ക്ക് ലഭിക്കുന്നത് വെറും പങ്കാളിത്തം മാത്രമാണ്. ലോകകപ്പ് വരുമ്പോള്‍ നമ്മള്‍ അവരെ പുകഴ്ത്തും, എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ അവരെ പാടെ മറക്കും. ഒരു വിവാഹത്തിന് വന്ന് പോകുന്ന അതിഥികളെപ്പോലെയാണ് അവരോടുള്ള പെരുമാറ്റം. അടുത്ത രണ്ട് വര്‍ഷം ഇവര്‍ എവിടെയാണെന്ന് പോലും ആരും അന്വേഷിക്കില്ല. അവര്‍ക്ക് കുടുതല്‍ പരമ്പരകള്‍ കളിക്കാനുള്ള അവസരം ഐസിസി ഒരുക്കണം.'' ' ചോപ്ര പറഞ്ഞു.
വലിയ ടീമുകള്‍ സ്വന്തം ഉഭയകക്ഷി പരമ്പരകളുടെ തിരക്കിലേക്ക് പോകുമ്പോള്‍ നേപ്പാളിനെപ്പോലുള്ള ടീമുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും, സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറുന്നത് മത്സരങ്ങളുടെ കുറവുകൊണ്ടൊണെന്നും അദ്ദേഹം നിരീക്ഷിച്ചു. രോഹിത് പൗഡല്‍ നയിച്ച നേപ്പാള്‍ ടീം ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയത്തിന് തൊട്ടടുത്താണ് എത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 180 റണ്‍സെടുത്തു. അവസാന ഓവറില്‍ 10 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ക്രീസിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
വാംഖഡെ സ്റ്റേഡിയത്തെ നീലക്കടലാക്കി മാറ്റിയ നേപ്പാള്‍ ആരാധകരുടെ പിന്തുണയും ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ട് ആരാധകരേക്കാള്‍ കൂടുതല്‍ നേപ്പാളി പതാകകളാണ് ഗാലറിയില്‍ ഉയര്‍ന്നത്. 2014ലാണ് അവര്‍ ആദ്യമായി ലോകകപ്പ് കളിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. 2025ല്‍ ഷാര്‍ജയില്‍ വെച്ച് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ടി20 പരമ്പരയില്‍ തകര്‍ത്തത് നേപ്പാള്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!