സ്റ്റുഡിയോയിലായിരുന്ന മുരളി കാർത്തിക്, ഗാലെ സ്റ്റേഡിയത്തിൽ നിന്നുള്ള മഞ്ജരക്കറുടെ വർത്തമാനരീതിയെയും മുഖഭാവത്തെയും പരിഹസിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

ഗാലെ: ഇന്ത്യ-ശ്രീലങ്ക ഗാലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം കമന്‍ററി ബോക്സിൽ നാടകീയ രംഗങ്ങൾ. ലൈവ് പ്രക്ഷേപണത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരക്കറും മുരളി കാർത്തിക്കും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. മത്സരത്തിന്‍റെ ലഞ്ച് ബ്രേക്കിനിടയിലാണ് തത്സമയ സംപ്രേഷണത്തിൽ ഇരുവരും കൊമ്പുകോർത്തത്.

സ്റ്റുഡിയോയിലായിരുന്ന മുരളി കാർത്തിക്, ഗാലെ സ്റ്റേഡിയത്തിൽ നിന്നുള്ള മഞ്ജരക്കറുടെ വർത്തമാനരീതിയെയും മുഖഭാവത്തെയും പരിഹസിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. സംസാരിക്കുമ്പോൾ ചുണ്ട് മലർത്തുന്ന ശീലം കാരണം പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ പ്രയാസമാണെന്നും അത് കുറയ്ക്കണമെന്നുമായിരുന്നു കാർത്തിക്കിന്‍റെ പരിഹാസം.

എന്നാൽ ഉടൻ തന്നെ മഞ്ജരക്കർ ഇതിന് തിരിച്ചടിച്ചു. എങ്കില്‍ തന്നെ കാണിക്കാതെ കൂടെയുള്ള ആദ്യമായി കമന്‍ററി പറയാനത്തിയ മുന്‍ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയുടെ പ്രസന്നമായ മുഖത്തേക്ക് ക്യാമറ തിരിക്കാൻ മഞ്ജരേക്കർ ആവശ്യപ്പെട്ടു. കാർത്തിക്കിനേക്കാൾ സംസാരിക്കാൻ സുഖമുള്ള ആളാണ് രഹാനെയെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. തുടർന്ന് കണ്ണാടി നോക്കുന്നതിനെച്ചൊല്ലിയും ഇരുവരും പരസ്പരം വാക്കേറ്റം നടത്തി.

Scroll to load tweet…

തർക്കം അതിരുവിടുന്നുവെന്ന് മനസിലായതോടെ മഞ്ജരേക്കർ തന്നെ വിഷയത്തിന്‍റെ ഗൗരവം കുറച്ച് രംഗം ശാന്തമാക്കി.നമ്മൾ രണ്ടുപേരും ഇവിടെ പരിധി ലംഘിക്കുകയാണ്, സോഷ്യൽ മീഡിയക്ക് ആഘോഷിക്കാൻ ഇത് ധാരാളമാണ് എന്ന് പറഞ്ഞ് മഞ്ജരേക്കർ തർക്കം അവസാനിപ്പിക്കുകയായിരുന്നു. ലൈവ് ടിവിയിലെ മുന്‍ ഇന്ത്യൻ താരങ്ങളുടെ തമ്മിലടി വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക