പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഗാലെ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനവും മഴ ഭീഷണി. ആദ്യ മൂന്ന് ദിനങ്ങളിലും മഴ പലവട്ടം വില്ലനായ മത്സരത്തിന്‍റെ നാലാം ദിനവും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂന്നാം ദിനം ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയില്‍ മഴ പെയ്തിരുന്നു. തുടർന്ന് ഗ്രൗണ്ട് ജീവനക്കാർക്ക് ഔട്ട്ഫീൽഡ് പൂർണ്ണമായും കവർ ചെയ്തു. മത്സരത്തിൽ 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് നേടിയെങ്കിലും വിജയം സ്വന്തമാക്കണമെങ്കിൽ ഇന്ത്യക്ക് ശ്രീലങ്കയുടെ പ്രതിരോധത്തിനൊപ്പം പ്രതികൂല കാലാവസ്ഥയെക്കൂടി മറികടക്കേണ്ടി വരും.
പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഇത് 20 ശതമാനമായി കുറയും. ആദ്യ ഒരു മണിക്കൂർ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും, പിന്നീട് ആകാശം പ്രധാനമായും മേഘാവൃതമായി തുടരുമെന്നതിനാൽ നാലാം ദിനം ഭൂരിഭാഗം സമയവും കളി നടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
നേരത്തെ, മൂന്നാം ദിനം ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 284 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 178 റൺസിന്‍റെ നിർണായക ലീഡ് സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിന്‍റെയും മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഇന്ത്യൻ ബൗളിങ് നിര ലങ്കയെ ചുരുട്ടിക്കെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 99 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ സോനൽ ദിനുഷയും അനുഭവസമ്പന്നനായ നിരോഷൻ ഡിക്ക്വെല്ലയും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ 146 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും രണ്ടാം സെഷനിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 116 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ബൗളിങ് നിരയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
