ചാമിന്ദ വാസിന് പുതിയ ദൗത്യം; വിന്‍ഡീസ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിനൊപ്പം ചേരും

By Web TeamFirst Published Feb 20, 2021, 2:46 PM IST
Highlights

2009ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു.

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍താരം ചാമിന്ദ വാസിനെ നിയമിച്ചു. വെസ്റ്റ് പര്യടനത്തിന് മുന്നോടിയായാണ് നിയമനം. സ്ഥാനമൊഴിഞ്ഞ ഓസ്‌ട്രേലിയന്‍ കോച്ച് ഡേവിഡ് സാകെറിന് പകരമാണ് വാസിനെ നിയമിച്ചിരിക്കുന്നത്. 2009ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. ലങ്കന്‍ യുവതാരങ്ങളെ പരിശീലിപ്പിക്കുകയായിരുന്ന വാസിന് അപ്രതീക്ഷിതമായിട്ടാണ് പുതിയ വേഷം ഏറ്റെടുക്കേണ്ടി വന്നത്. 

ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇടം കൈയ്യന്‍ പേസര്‍മാരിലൊരാളാണ് വാസ്. താരമെന്ന നിലയില്‍ മികച്ച റെക്കോഡും വാസിനുണ്ട്. 111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് 47കാരന്റെ സമ്പാദ്യം. 322 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 400 വിക്കറ്റും സ്വന്തം പേരിലെഴുതി. 19 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ പരിചയസമ്പത്തിലാണ് ആരാധകരുടെ പ്രതീക്ഷയും. വാസിന് ശ്രീലങ്കന്‍ ബൗളര്‍മാരെ സഹായിക്കാന്‍ കഴിയുമെന്നാണ് ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്. 

അടുത്ത മാസം മൂന്നിനാണ് ശ്രീലങ്കന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റും മൂന്ന് വീതം ട്വന്റി 20യും ഏകദിനങ്ങളുമാണ് ശ്രീലങ്ക വിന്‍ഡീസില്‍ കളിക്കുക. 

click me!