'ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനെന്ന് തോന്നി'; വിഷാദത്തെ കുറിച്ച് കോലിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Feb 20, 2021, 1:55 PM IST
Highlights

ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനാണ് താനെന്ന് തോന്നി എന്നാണ് അന്നത്തെ മാനസികാവസ്ഥയെ കുറിച്ച് കോലി പറയുന്നത്. 

അഹമ്മദാബാദ്: 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ താന്‍ വിഷാദവുമായി പോരാട്ടത്തിലായിരുന്നു എന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോലിയുടെ വെളിപ്പെടുത്തല്‍. ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനാണ് താനെന്ന് തോന്നിയതായാണ് കോലി പറയുന്നത്. ഇംഗ്ലീഷ് മുന്‍താരം മാര്‍ക്ക് നിക്കോളസുമായുള്ള സംഭാഷണത്തിലാണ് കോലിയുടെ വാക്കുകള്‍. 

'റണ്‍സ് കണ്ടെത്താന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് ഉണരുന്നത് നല്ല അനുഭവമല്ല. എല്ലാ ബാറ്റ്സ്‌മാന്‍മാരും കരിയറില്‍ എപ്പോഴെങ്കിലും നിങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന് തോന്നുന്നു. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണം എന്ന് പോലും തിരിച്ചറിയാനാവില്ല. ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യനാണ് ഞാന്‍ എന്ന് അന്ന് തോന്നിപ്പോയി. 

വലിയൊരു സംഘത്തിന്‍റെ ഭാഗമായിരുന്നിട്ടും ഏകാന്തത അനുഭവപ്പെടുകയായിരുന്നു എന്ന വലിയ തിരിച്ചറിവായിരുന്നു അത്. ഉറങ്ങാന്‍ പോകുമ്പോള്‍ പ്രയാസം നേരിട്ടിരുന്നു. രാവിലെ ഉണരാന്‍ തോന്നിയിരുന്നില്ല. എന്തു ചെയ്യും എന്ന കാര്യത്തില്‍ ഒരു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഒരു പ്രൊഫഷണലിന്‍റെ സഹായം വേണമെന്ന് തിരിച്ചറിഞ്ഞു' എന്നും കോലി പറഞ്ഞു. 

കോലിയുടെ കരിയറില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട പരമ്പരയായിരുന്നു 2014ലെ ഇംഗ്ലണ്ട് പര്യടനം. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ കോലിയുടെ സ്‌കോര്‍. 10 ഇന്നിംഗ്‌സുകളില്‍ 13.40 ശരാശരി മാത്രം നേടിയത് കോലിയെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി. എന്നാല്‍ ഇതിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 692 റണ്‍സടിച്ച് കോലി തിരിച്ചുവരുന്നത് ക്രിക്കറ്റ് ലോകം കണ്ടു. 

തിരിച്ചുവരാന്‍ ഉമേഷ് യാദവ്; ഫിറ്റ്നസ് പരീക്ഷ ഉടനെന്ന് റിപ്പോര്‍ട്ട്

click me!