ശ്രീശാന്ത് തിളങ്ങി; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് 259 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Feb 20, 2021, 2:16 PM IST
Highlights

ഓപ്പണര്‍മാരായ സന്ദീപ് പട്‌നായ്ക് (66), ഗൗരവ് ചൗധരി (57), കൃതിക് ബിശ്വല്‍ (പുറത്താവാതെ 45) എന്നിവരാണ് ഒഡീഷ നിരയില്‍ തിളങ്ങിയത്.
 

ബംഗളൂരു: ഒഡീഷയ്‌ക്കെതിരായെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് 259 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 258 റണ്‍സ് നേടിയത്. നേരത്തെ ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. പിന്നാലെ 45 ഓവറാക്കി ചുരുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സന്ദീപ് പട്‌നായ്ക് (66), ഗൗരവ് ചൗധരി (57), കൃതിക് ബിശ്വല്‍ (പുറത്താവാതെ 45) എന്നിവരാണ് ഒഡീഷ നിരയില്‍ തിളങ്ങിയത്. എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒഡീഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് ലഭിച്ചത്. സന്ദീപ്- ഗൗരവ് സഖ്യം 119 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗൗരവിനെ പുറത്താക്കി സച്ചിന്‍ ബേബി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സന്ദീപിനെ ശ്രീശാന്തും മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഒഡീഷയ്ക്ക് വിക്കറ്റ് നഷ്ടമായി. സുബ്രാന്‍ഷു സേനാപതി (4), ഷാന്തനു മിശ്ര (7), അഭിഷേക് യാദവ് (13), രാജേഷ് ധുപര്‍ (20), ദേബബ്രത പ്രഥാന്‍ (27), സൂര്യകാന്ത് പ്രഥാന്‍ (0) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കാര്‍ത്തികിന്റെ 45 റണ്‍സാണ് ഒഡീഷയുടെ സ്‌കോര്‍ 250 കടത്തിയത്. 

എട്ട് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നിതീഷ്, സക്‌സേന എന്നിവര്‍ക്ക് പുറമെ സച്ചിന്‍ ബേബി ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. വിഷ്ണു വിനോദ് (17), റോബിന്‍ ഉത്തപ്പ (1) എന്നിവരാണ് ക്രീസില്‍. 

മറ്റൊരു മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ജാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (94 പന്തില്‍ 173), അനുകൂല്‍ റോയ് (39 പന്തില്‍ 72), വിരാട് സിംഗ് (49 പന്തില്‍ 68), സുമിത് കുമാര്‍ (52) എന്നിവരുടെ ഇന്നിങ്‌സാണ് ജാര്‍ഖണ്ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ മധ്യപ്രദേശ് ആറ് ഓവറില്‍ അഞ്ചിന് 36 എന്ന നിലയിലാണ്. 

click me!