Latest Videos

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി? സംഭവം രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് മത്സരങ്ങള്‍ക്കിടെ; നാല് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 18, 2024, 8:42 AM IST
Highlights

ഈ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് ജയിച്ചിരുന്നു. മുംബൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി നടക്കുന്നുവെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍പ്പറേറ്റ് ബോക്‌സില്‍ സംശയകരമായി കണ്ട വാതുവയ്പുകാരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് പുറത്താക്കി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ മാര്‍ച്ച് 28ന് ജയ്പൂരില്‍ നടന്ന മത്സരത്തിലും ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡേയില്‍ നടന്ന മത്സരത്തിലുമാണ് സംഭവം നടന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. നാല് വാതുവയ്പുകാരെയും മുംബൈ പൊലീസിന് കൈമാറി. ഡ്രസിംഗ് റൂമിനടുത്താണ് കോര്‍പ്പറേറ്റ് ബോക്‌സ്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. 

ഈ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് ജയിച്ചിരുന്നു. മുംബൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ അനായാസം മറികടന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോഷ് ബട്ലറും യശസ്വി ജയ്സ്വാളും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ മികവ് ഒരിക്കല്‍ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്വാള്‍ മൂന്ന് വിക്കറ്റെടുത്തു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 125-9, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 15.3 ഓവറില്‍ 127-4.

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി കാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!