മത്സരം സിംബാബ്‍വെയില്‍ ആണെങ്കിലും മത്സരസമയം സംബന്ധിച്ചും തല്‍സമയം കാണാനുള്ള സൗകര്യങ്ങള്‍ സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ വേണ്ടാ

ഹരാരെ: ഏഷ്യാ കപ്പിന് മുമ്പ് ടീം ഇന്ത്യയുടെ അവസാന പരമ്പരയായ സിംബാബ്‍വെ പര്യടനം നാളെ ആരംഭിക്കുകയാണ്. ഹരാരെയില്‍ നാളെയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. മത്സരങ്ങള്‍ സിംബാബ്‍വെയില്‍ ആയതുകൊണ്ടുതന്നെ മത്സരസമയം സംബന്ധിച്ചും തല്‍സമയം ഓണ്‍ലൈനിലും ടെലിവിഷനിലും കാണാനുള്ള സൗകര്യങ്ങള്‍ സംബന്ധിച്ചും നിരവധി ആശയക്കുഴപ്പങ്ങള്‍ ആരാധകർക്കുണ്ട്. 

സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ സോണി ലിവിലും മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് കാണുകയും ചെയ്യാം. നേരത്തെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഡിഡി സ്പോർട്സിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ഓഗസ്റ്റ് 18, 20, 22 തിയതികളിലാണ് സിംബാബ്‍വെയിലെ മത്സരങ്ങള്‍. മൂന്ന് ഏകദിനങ്ങള്‍ക്കും ഹരാരെ സ്പോർട്സ് ക്ലബാണ് വേദി. പ്രാദേശികസമയം രാവിലെ 9.15നും ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.45നുമാണ് മത്സരങ്ങള്‍ തുടങ്ങുക. 

കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ശിഖർ ധവാനാണ് ഉപനായകന്‍. പരിക്കുമൂലം ഐപിഎല്ലിന് ശേഷമുള്ള മത്സരങ്ങള്‍ നഷ്ടമായ രാഹുല്‍ ഏഷ്യാ കപ്പിന് മുമ്പ് വമ്പന്‍ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. മുഖ്യ കോച്ചായ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചതോടെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുക എന്ന സവിശേഷതയും പരമ്പരയ്ക്കുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ സ്ക്വാഡിലുള്ളതും ആകാംക്ഷ കൂട്ടുന്നു. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

സിംബാബ്‍വെ ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ ഇടംപിടിച്ച് സഞ്ജു; ആശംസാപ്രവാഹം