Gambhir on Venkatesh : 'അവനെ ഇനിയും ഏകദിനത്തിലേക്ക് പരിഗണിക്കരുത്'; യുവതാരത്തെ വിമര്‍ശിച്ച് ഗംഭീര്‍

By Web TeamFirst Published Jan 25, 2022, 7:50 PM IST
Highlights

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും മത്സരത്തില്‍ യാതൊരു വിധ സ്വാധീനം ചെലുത്താനും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. നേരത്തെ ഇന്ത്യക്കായി (Team India) ടി20 മത്സരങ്ങളില്‍ താരം അരങ്ങേറിയിരുന്നു.

ദില്ലി: ആദ്യമായി ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂര്‍ണ പരാജയമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചെങ്കിലും മത്സരത്തില്‍ യാതൊരു വിധ സ്വാധീനം ചെലുത്താനും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. നേരത്തെ ഇന്ത്യക്കായി (Team India) ടി20 മത്സരങ്ങളില്‍ താരം അരങ്ങേറിയിരുന്നു. ടി20യില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു. 

എന്നാല്‍ വെങ്കടേഷിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir). ഏകദിനം കളിക്കേണ്ട പക്വത വെങ്കടേഷിനില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ''ഏഴോ എട്ടോ ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തിന് രാജ്യാന്തര വേദിയില്‍ അവസരം ലഭിച്ചത്. ഐപിഎലാണ് ടീമിലെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ അദ്ദേഹത്തെ ടി20 ടീമിലേക്കു പരിഗണിക്കൂ. ടി20 ടീമിലേക്കു മാത്രം പരിഗണിക്കപ്പെടേണ്ട താരമാണ് വെങ്കടേഷ്. കാരണം അതിനപ്പുറത്തേക്കുള്ള പക്വത അവനില്ല. ഏകദിനത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലിയാണ് വേണ്ടത്.'' ഗംഭീര്‍ വ്യക്തമാക്കി. 

''അവനെ ടി20 മത്സരത്തില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. ഇനിയും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ വെങ്കടേഷിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ അവന്റെ ഐപിഎല്‍ ടീമിനോട് ആവശ്യപ്പെടൂ. ഐപിഎല്ലില്‍ ഇപ്പോള്‍ വെങ്കടേഷ് ഓപ്പണറാണ്. ടി20യില്‍ ഓപ്പണറായി കളിക്കുന്ന ഒരു താരത്തെ എങ്ങനെയാണ് ഏകദിനത്തില്‍ മധ്യനിരയില്‍ കളിപ്പിക്കുകയെന്ന് മനസിലാവണില്ല.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് കളികളില്‍ അവസരം ലഭിച്ചെങ്കിലും 40 പന്തില്‍ നിന്ന് നേടിയത് 24 റണ്‍സ് മാത്രം. അഞ്ച് ഓവര്‍ ബൗള്‍ ചെയ്ത് 28 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് ടീമിനു പുറത്തായതോടെ, താരത്തിന്റെ പകരക്കാരനെന്ന നിലയിലാണ് വെങ്കടേഷ് ടീമിലെത്തിയത്.

click me!